വളാഞ്ചേരി: വിശ്വാസത്തോടൊപ്പം സ്നേഹവും കരുതലും ഒത്തുച്ചേരുന്ന മൂന്നാക്കൽ പള്ളി ജാതി-മതഭേദമെന്യേ ആയിരങ്ങൾക്ക് അന്നം ഉറപ്പാക്കുന്നതിലൂടെ സൃഷ്ടിക്കുന്നത് വേറിട്ട മാതൃക. എടയൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാക്കൽ പള്ളിയിൽ നേർച്ചയായി അരി നൽകിയാൽ പ്രാർഥന സഫലമാകുമെന്ന വിശ്വാസം എല്ലാ വിഭാഗത്തിൽപ്പെട്ടവരിലും ഉണ്ട്. പള്ളിക്ക് നേർച്ചയായി ലഭിക്കുന്ന അരി എല്ലാ മതവിഭാഗത്തിൽ പെട്ടവരുടെയും ദാരിദ്ര്യമകറ്റാനാണ് ഉപയോഗിക്കുന്നത്.
ദാരിദ്ര്യം നടമാടിയിരുന്ന കാലത്ത് ‘കഞ്ഞിവെച്ച് പാരൽ’ എന്ന നേര്‍ച്ച ഇവിടെ നടന്നിരുന്നു. ആദ്യകാലത്ത് അഞ്ച് ചാക്ക് അരിയായിരുന്നു ഒരു ദിവസം വിതരണം ചെയ്തിരുന്നത്. പിന്നീടത് പത്തും നൂറും ആയിരവുമായി വർധിച്ചു. ഇപ്പോള്‍ ഒരാഴ്ചയിലെ വിതരണത്തിന് 2,400ൽപരം ചാക്ക് അരി വേണം.
മഹല്ലിലെ 2000ഓളം വരുന്ന കുടുംബങ്ങള്‍ക്കും പുറത്തുള്ള 16,000ഓളം കുടുംബങ്ങള്‍ക്കും മാസത്തിൽ രണ്ട് ഞായറാഴ്ചകളിലായി മൂന്നാക്കൽ പള്ളിയിൽനിന്ന് അരി വിതരണം ചെയ്യുന്നു. അരി ലഭ്യതക്കനുസരിച്ച് സാധാരണ 15 കി. ഗ്രാം അരി വരെ ലഭിക്കുമ്പോൾ റമദാനില്‍ 20 കിലോ വരെ ലഭിക്കും.
പൊന്നാനിയിലെ മഖ്ദൂം കുടുംബത്തിന്റെ തായ് വഴിയില്പ്പെട്ടവരാണ് മൂന്നാക്കല്‍ പള്ളിയിലെ ഖാദിമാര്‍. ആദ്യം മുതവല്ലി ഭരണത്തിലും ശേഷം കമ്മിറ്റിക്ക് കീഴിലും 2014 മുതൽ വഖഫ് ബോർഡിന് കീഴിലുമാണ് പള്ളി നടത്തിപ്പ്. അരി കൂടാതെ ഖുര്‍ആൻ, മുസല്ലകള്‍, നിസ്കാരപ്പായകള്‍, നിലവിളക്കുകൾ, എണ്ണകൾ, സ്വർണം, വെള്ളി, പണം തുടങ്ങിയ സാധനങ്ങളും നേര്‍ച്ചയായി ലഭിക്കാറുണ്ട്.
ഇവയിൽ ചിലത് സമീപത്തെ യതീം ഖാനകളിലേക്കും പള്ളികളിലേക്കും മദ്റസകളിലേക്കും നൽകുന്നു. അരി ഉൾപ്പെടെ പള്ളിയിലേക്ക് നേർച്ച നൽകുന്നവരിൽ ഇതര വിശ്വാസികളും ഉൾപ്പെടും. ഞായറാഴ്ചകളിൽ രാവിലെ 6.30 മുതൽ 12.30 വരെയാണ് അരി വിതരണം. മഹല്ലിലെ നിര്‍ധന കുടുംബങ്ങള്‍ക്ക് വിവാഹം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവക്ക് ധനസഹായം നൽകാറുണ്ട്. ഇതിനും എല്ലാ മതവിഭാഗക്കാരെയും പരിഗണിക്കുന്നു.
2018ലെ പ്രളയകാലത്ത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇവിടെ നേർച്ചയായി ലഭിച്ച 1500 ചാക്ക് അരി വിതരണം ചെയ്തിരുന്നു. കോവിഡ് സമയത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് 2050 ചാക്ക് അരി നൽകിയും മാതൃക തീർത്തു.
ഒ.എം കരുവാരകുണ്ടിനാണ് ആലുങ്ങൽ മഹാദേവ ക്ഷേത്രം ഗാനമാലിക അവാർഡ്
കരുവാരകുണ്ട്: ഇശൽ വിസ്മയം കൊണ്ട് മലയാളി ഹൃദയങ്ങളെ മൈലാഞ്ചി മൊഞ്ചണിയിച്ച ഒറ്റ മാളിയേക്കൽ മുത്തുക്കോയ തങ്ങൾക്ക് ശ്രീ മഹാദേവ ക്ഷേത്രം പുരസ്കാരം.
കുപ്പിവളക്കിലുക്കം മലബാറിന്റെ ഹൃദയതാളമാക്കിയ ഒ.എം കരുവാരകുണ്ടിന്റെ രചന വൈഭവത്തിനാണ് കക്കറ ആലുങ്ങൽ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഈ വർഷത്തെ ഗാനമാലിക പുരസ്കാരം സമർപ്പിക്കുന്നത്. ഇതിഹാസകാവ്യമായ രാമായണത്തെ മാപ്പിളപ്പാട്ടിന്റെ ഇമ്പമേറിയ ഇശലുകളിൽ കോർത്തെടുത്ത് ഒ.എം തയാറാക്കിയ ‘ഇശൽ രാമായണം’ എന്ന കൃതി കൂടി പരിഗണിച്ചാണ് പുരസ്കാരം. ജനുവരി 10ന് നടക്കുന്ന തിരുവാതിര മഹോത്സവ വേദിയിൽ ക്ഷേത്രത്തിന്റെ ആദരം ഒ.എമ്മിന് സമർപ്പിക്കുമെന്ന് സെക്രട്ടറി സി.പി. ഷൈജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.