വളാഞ്ചേരി: ദേശീയപാത 66ൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്ന സ്ഥലമാണ് വട്ടപ്പാറ. ചെറുതും വലുതുമായ അപകടങ്ങളിൽ നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വട്ടപ്പാറ മുകൾ ഭാഗം മുതൽ ഇറക്കം വരെ എല്ലാ ഭാഗവും അപകടകേന്ദ്രങ്ങളാണ്. കൊടും വളവിലാണ് കൂടുതൽ അപകടം ഉണ്ടാവാറ്. സുരക്ഷാഭിത്തി തകർത്ത് 30 അടി താഴ്ചയിലേക്ക് വാഹനങ്ങൾ കൂപ്പുകുത്തിയാണ് കൂടുതലും മരണങ്ങൾ സംഭവിച്ചത്. പാചക വാതക ടാങ്കർ ലോറി ഉൾപ്പെടെ അന്തർ സംസ്ഥാന ചരക്കുവാഹനങ്ങളാണ് അപകടത്തിൽപെടുന്നതിൽ ഏറെയും. റോഡിന്റെ ഘടനയും ഡ്രൈവർമാരുടെ അശ്രദ്ധയും കൂടിയാവുമ്പോൾ അപകട തീവ്രത വർധിക്കുന്നു.
പാചക വാതക ലോറികൾ ഇവിടെ അപകടത്തിൽപെടുമ്പോഴും അതിന്റെ ദുരിതഭാരം പേറേണ്ടി വരുന്നത് വട്ടപ്പാറ നിവാസികൾക്കാണ്. വാതകം മറ്റൊരു ടാങ്കറിലാക്കി വട്ടപ്പാറയിൽനിന്ന് കൊണ്ടുപോകുന്നതുവരെ പ്രദേശവാസികൾ ഭീതിയിൽ കഴിയേണ്ട അവസ്ഥയാണ്. അപകടകേന്ദ്രമായ വട്ടപ്പാറ ഒഴിവാക്കി യാത്ര സാധ്യമാവുന്ന കഞ്ഞിപ്പുര- മൂടാൽ ബൈപാസ് ഇഴഞ്ഞുനീങ്ങുകയാണ്.
ദേശീയപാത ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വട്ടപ്പാറയിലെ അപകട വളവ് ഒഴിവാക്കിയുള്ള വളാഞ്ചേരി ബൈപാസ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബൈപാസിന്റെ ഭാഗമായ രണ്ട് കി.മീറ്ററോളം നീളത്തിലുള്ള വയഡക്ട് നിർമാണം ഏറെക്കുറെ പൂർത്തിയായി. മാർച്ചിന് മുമ്പായി ബൈപാസ് നിർമാണം പൂർത്തിയാവും. അതോടു കൂടി തൃശൂർ, ഗുരുവായൂർ ഭാഗത്തേക്കുള്ള ദീർഘദൂര വാഹനങ്ങൾ ബൈപാസ് വഴി പോകും.
പട്ടാമ്പി, പാലക്കാട്, വളാഞ്ചേരി ടൗൺ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ നിലവിലെ വട്ടപ്പാറ റോഡ് വഴി പോകാനാണ് സാധ്യത. തുടർന്നും വട്ടപ്പാറ ഇറക്കത്തിൽ അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ പാതിവഴിയിൽ നിലച്ച വട്ടപ്പാറയിലെ അപകട നിവാരണ പദ്ധതികൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കൂടുതൽ വെളിച്ച സംവിധാനങ്ങളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കൽ, സുരക്ഷ ഭിത്തി ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങളും നടത്തേണ്ടി വരും.
വളാഞ്ചേരി: വട്ടപ്പാറയിൽ ഉൾപ്പെടെ മേഖലയിൽ അപകടങ്ങൾ ആവർത്തിക്കുമ്പോഴും വളാഞ്ചേരി ഫയർ സ്റ്റേഷൻ കടലാസിൽ ഒതുങ്ങുന്നു. ദേശീയപാതയോരത്ത് വട്ടപ്പാറയിലാണ് ഫയർസ്റ്റേഷൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. വട്ടപ്പാറ വളവിൽ പാചക വാതക ടാങ്കർ ലോറികൾ ഉൾപ്പെടെ അപകടത്തിൽപെടുമ്പോൾ തിരൂർ, മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഫയർ ഫോഴ്സ് എത്തണം. അപ്പോഴേക്കും അപകട തീവ്രത കൂടും.
പഴയ സി.ഐ ഓഫിസിന് സമീപം ഫയർ സ്റ്റേഷനുള്ള സ്ഥലം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. കാട്ടിപ്പരുത്തി വില്ലേജിൽ ഉൾപ്പെടുന്ന ഈ 42 സെൻറ് റവന്യൂ പുറമ്പോക്ക് ഭൂമി വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമാണത്തിനായി സംസ്ഥാന സർക്കാർ അഗ്നിരക്ഷ വകുപ്പിന് കൈമാറുകയും ചെയ്തു.
ഫയർ സ്റ്റേഷൻ സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചിട്ട് വർഷങ്ങളായി. ആവശ്യമായ തുക വകയിരുത്താത്തതും നടപടിക്രമങ്ങൾ ഇഴയുന്നതുമാണ് നിർമാണം വൈകാൻ കാരണം. തീപിടിത്തങ്ങളും അപകടങ്ങളും ആവർത്തിക്കുന്ന സാഹചര്യത്തിൽ ഫയർ സ്റ്റേഷൻ യാഥാർഥ്യമാക്കാൻ നടപടി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.