വളാഞ്ചേരി: ചൈനീസ് ആയോധന കലയായ വുഷുവിൽ ദേശീയ തലത്തിൽ കോച്ച് സർട്ടിഫിക്കറ്റും എ ഗ്രേഡും കരസ്ഥമാക്കി എടയൂർ പൂക്കാട്ടിരി സ്വദേശി തോരക്കാട് സൈനുൽ ആബിദ് (24). പഞ്ചാബിലെ പാട്യാലയിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന്റെ കോച്ച് സർട്ടിഫിക്കറ്റ് എ ഗ്രേഡും ബാച്ചിൽ ഒന്നാം റാങ്കുമാണ് ആബിദിന് ലഭിച്ചത്. കേരളത്തിൽനിന്ന് ആബിദടക്കം നാലുപേർക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇൻറർ സോൺ മത്സരത്തിൽ ഒന്നാം സ്ഥാനവും സ്വർണമെഡലും നേരത്തെ ആബിദ് നേടിയിട്ടുണ്ട്. വുഷുവിൽ ദേശീയതലത്തിൽ സ്വർണവും വെങ്കലവും സ്വന്തമാക്കി. കോച്ച് റാഫിക്ക് കീഴിൽ 13ാം വയസ്സ് മുതലാണ് കുങ്ഫു പരിശീലനം ആരംഭിക്കുന്നത്. റാഫിയുടെ കോച്ചായ ശിഹാബ് വേങ്ങരയുടെ കീഴിൽ പിന്നീട് വുഷുവിലേക്ക് തിരിയുകയായിരുന്നു. മണിപ്പൂരി സ്വദേശിയും ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ജേതാവുമായ ജസബൊന്ധ കൊയ് ജാം ആണ് വുഷുവിൽ ആബിദിന്റെ ഗ്രാൻറ് മാസ്റ്റർ.
പിതാവ് അബ്ദുൽ അസീസും മാതാവ് ഫാത്തിമ സുഹറയും ഭാര്യ ബഷീറ തസ്നിയും പിന്തുണയുമായി ഒപ്പമുണ്ട്. കൂടാതെ സഹോദരൻ അബ്ദുൽ ഹയ്യ് നൽകിയ പിന്തുണയും പ്രോത്സാഹനവുമാണ് ആയോധന കലകളിലും അത് ലറ്റിക് മത്സരങ്ങളിലും പങ്കെടുക്കാൻ പ്രചോദനമായത്. പൂക്കാട്ടിരിയിലെ ഡോണാസ് ക്ലബ് അംഗം കൂടിയായ ആബിദ്, പവർ ഹൗസ് ജിം മാനേജറും വുക്സിയ വുഷു ക്ലബിലെ അംഗവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.