വഴിക്കടവ്: പോപുലര്‍ ഫ്രണ്ടിന്‍റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിൽ കമന്‍റിട്ട സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി നടപടി. സി.പി.എം വഴിക്കടവ് മണിമൂളി ബ്രാഞ്ച് സെക്രട്ടറി കൂടിയായ വഴിക്കടവ് ലോക്കല്‍ കമ്മിറ്റി അംഗം ഷറഫുദ്ദീന്‍ കറളിക്കാടിനെതിരെയാണ് ലോക്കല്‍ കമ്മിറ്റിയുടെ പരസ്യ ശാസന. പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധത്തിൽ പ്രതിഷേധിക്കുക എന്ന പോസ്റ്റിൽ സർഫുദ്ദീൻ കമന്റിട്ടതിലാണ് നടപടി. 'അള്ളാഹു സ്വര്‍ഗം നല്‍കട്ടെ' എന്നായിരുന്നു ഷറഫുദ്ദീന്‍ കറളിക്കാടിന്‍റെ ഷറഫുദ്ദീന്‍ ഷറഫു എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നുള്ള കമന്റ്. സംഭവം വിവാദമായതോടെ അംഗത്തിനെ ലോക്കൽ കമ്മിറ്റി യോഗത്തിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. അബദ്ധം പറ്റിയതാണെന്ന അംഗത്തിന്‍റെ അഭ‍്യർഥനയിൽ നടപടി ശാസനയിൽ ഒതുക്കുകയായിരുന്നു.
എന്നാൽ ഒരു വിഭാഗം ശക്തമായ നടപടി ആവശ‍്യപ്പെട്ടതോടെ നടപടിക്കായി ഏരിയ കമ്മറ്റിയിലേക്ക് ശിപാർശ ചെയ്തു. അതേസമയം, സാമൂഹിക മാധ‍്യമങ്ങളിൽ പ്രചരിപ്പിക്കുന്ന രീതിയിൽ അത്ര ഗൗരവമുള്ള വിഷയമല്ലിതെന്ന് അന്വേഷണത്തിൽ ബോധ‍്യമായിട്ടുണ്ടെന്നും അംഗത്തിന് തെറ്റ് ബോധ‍്യപ്പെട്ടതിനാൽ നടപടി ശാസനയിൽ അവസാനിപ്പിക്കുകയായിരുന്നുവെന്നും സി.പി.എം വഴിക്കടവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.ടി. അലി പറഞ്ഞു. പാർട്ടിയുടെ കീഴ്വഴക്ക പ്രകാരം വിഷയം ഏരിയ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ലോക്കൽ സെക്രട്ടറി 'മാധ‍്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.