അഗളി: അട്ടപ്പാടി ഭവാനി പുഴയിൽ പത്ത് കോടിയിലധികം രൂപ ചെലവിട്ട് കൃഷിക്ക് ജലസേചനത്തിനായി മൈനർ ഇറിഗേഷൻ വകുപ്പ് നിർമിച്ച പദ്ധതികൾ ഫലപ്രാപ്തിയിലെത്തിയില്ല. നിർമാണ പ്രവൃത്തികൾ പൂർത്തിയായി നാലുവർഷം കഴിഞ്ഞെങ്കിലും ഒരു തുള്ളി വെള്ളം പോലും കർഷകർക്ക് ലഭ്യമായില്ല. ഭവാനി പുഴയിൽ തടയണകൾ നിർമിച്ച് വെള്ളം സംഭരിച്ച് മോട്ടർ പമ്പ് സ്ഥാപിച്ച് ആദിവാസികളുടെ കൃഷിയിടങ്ങളിൽ ജലമെത്തിക്കാനായിരുന്നു പദ്ധതി.
പാടവയൽ, തേക്കുവട്ട, രങ്കനാഥപുരം എന്നീ ഇടങ്ങളിൽ തടയണ പൂർത്തിയായി മോട്ടോർ പമ്പ് സ്ഥാപിച്ചു. പൈപ്പുകളുടെയും ടാങ്കുകളുടെയും നിർമാണവും പൂർത്തിയായി. മൂന്നും ചേർന്ന് 10 കോടിയോളം രൂപയാണ് ചെലവ്. വേനലിൽ ഭവാനി പുഴയിൽ വെള്ളമൊഴുക്ക് നിലക്കുന്നത് പതിവാണ്. അതിനാൽ പദ്ധതി ഗുണം ചെയ്യില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. കരാറുകാർക്കും ഉദ്യോഗസ്ഥർക്കും ഗുണം ലഭിക്കാനായാണ് പദ്ധതി നടപ്പാക്കിയതെന്നാണ് ആരോപണം.
പാടവയൽ തടയണയിൽ സ്ഥാപിച്ച മോട്ടോർ പമ്പിന് വൈദ്യുതിക്ക് വേണ്ടി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള ചെലവിന് മാത്രം മൈനർ ഇറിഗേഷൻ 27-3-2021 ൽ 11,72361 രൂപ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുണ്ട്. തേക്കുവട്ടയിൽ 27-3-2021ൽ 8,72427 രൂപ അടച്ചു. ആകെ 20,44788 രൂപ. അഗളി കെ.എസ്.ഇ.ബി സെക്ഷനിലെ കണക്കാണിത്. രങ്കനാഥപുരം തടയണക്കായി കോട്ടത്തറ സെക്ഷനിൽ കണക്ഷനുവേണ്ടി അടച്ച തുക എട്ടുലക്ഷത്തോളമാണ്. മൂന്ന് തടയണകളിലെ പമ്പിങ്ങിന് വൈദ്യുതിക്ക് വേണ്ടി മാത്രം അടച്ചത് 30 ലക്ഷത്തോളം രൂപയാണ്. ഇതെല്ലാം പാഴായിപ്പോയ നിലയാണ് ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.