ആനക്കര: ആനക്കര നയ്യൂര്‍ റോഡിലെ കരിങ്കുറ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യം ശക്തം. ഏക്കര്‍ കണക്കിനുള്ള പാടശേഖരത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ സമീപത്തെ ഉയര്‍ന്ന പാടശേഖരങ്ങളിലും വെള്ളക്കെട്ടാണ്. ഇതുകാരണം കൃഷിയിറക്കാൻ തടസ്സമായിരിക്കുകയാണ്. പ്രധാന ഓവിന്റെ മുന്‍വശം പുല്ലും മണ്ണും ഉപയോഗിച്ച് അടച്ചതായി നാട്ടുകാര്‍ കൃഷി ഭവനില്‍ പരാതി നല്കി. കഴിഞ്ഞദിവസം ഈ പാടശേഖരം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുത് മറിച്ചിരുന്നു. ഇതിന്റെ ചണ്ടിയും മണ്ണുമാണ് ഓവിന്റെ മുന്‍വശത്ത് കൊണ്ട് തള്ളിയിരിക്കുന്നത്. സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്താണ് ഇവിടെ കൃഷി ഇറക്കുന്നത്.
ഒന്നര പതിറ്റാണ്ടിന് മുമ്പ് കരിങ്കുറ പാടശേഖരത്തെ വെള്ളം നയ്യൂര്‍ റോഡിന് കുറുകെ മൂന്ന് ഓവ് ചാല് വഴിയായിരുന്നു പരപ്പന്‍ തോടിലേക്കും പിന്നീട് ഭാരതപുഴയിലേക്കും ഒഴുകിയിരുന്നത്. എന്നാല്‍, പിന്നീട് കരിങ്കുറ പാടശേഖരത്തിന് എതിര്‍വശത്തെ പാടശേഖരങ്ങള്‍ നികത്തി വീടും ഇതര കൃഷികളുമായതോടെ റോഡിന് കുറുകെയുള്ള രണ്ട് ചാലുകള്‍ പൂര്‍ണമായി നികത്തപ്പെട്ടു. അവശേഷിക്കുന്നതുകൂടി അടച്ചതോടെ കൃഷി നടത്താനാവാത്ത അവസ്ഥയാണ്. വെള്ളക്കെട്ട് ഉയര്‍ന്നാല്‍ സമീപത്തെ വീടുകളിലേക്ക് കയറുന്നുമുണ്ട്. കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും വീടുകളില്‍ വെള്ളം കയറിയിരുന്നു. നികത്തപ്പെട്ട ഓവുചാലുകള്‍ പുനഃസ്ഥാപിക്കുകയോ നിലവിലേത് ഉയര്‍ത്തി വീതികൂട്ടുകയോ ചെയ്താല്‍ മാത്രമെ വെള്ളം തടസ്സമില്ലാതെ ഒഴുകിപോകൂ. പാടശേഖരത്തെ വെള്ളം ഒഴുകിപോകാൻ തോട് എല്ലാ വര്‍ഷവും വൃത്തിയാക്കുകയും തോടിന്റെ ഇരുവശവും കരിങ്കല്ല് കെട്ടി പാര്‍ശ്വഭിത്തി നിർമിക്കുകയും ചെയ്യണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.