മുതലമട: സി.പി.എം-ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റിൽ. ചെമ്മണാമ്പതി സ്വദേശികളായ റിസ്വാൻ (34), മുരുകാനന്ദൻ (37), ഗോവിന്ദാപുരം പുതൂർ സ്വദേശി റാംമോഹൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 12നുണ്ടായ സംഘട്ടനത്തെ തുടർന്ന് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ ആറായി. രാത്രി നാല് തവണകളിലായുണ്ടായ സംഘട്ടനങ്ങളിൽ രണ്ട് പൊലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിരുന്നു. 70ലധികം പേർക്കെതിരെയാണ് കേസെടുത്തത്.
തിങ്കളാഴ്ച അർധരാത്രി ചെമ്മണാമ്പതി ജങ്ഷനിലും അളകാപുരിയിലുമുണ്ടായ സംഘർഷത്തിൽ ബി.ജെ.പി സ്ഥാനാർഥി അളകാപുരി കോളനി രാജു കൗണ്ടർ, ചെമ്മണാമ്പതി കിങ്ങാട്ടിൽ വീട്ടിൽ സുജീഷ് (29), മണിയബേഷ് സൗത്ത് കോളനിയിൽ വീരമണി (37) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി സ്ഥാനാർഥി രാജു കൗണ്ടർ തെൻറ അനന്തരവനും സി.പി.എം പ്രവർത്തകനുമായ ഗോപിനാഥനെ വാഹനം ഇടിക്കാനായി പോയതായുള്ള തർക്കത്തെ തുടർന്ന് മർദിച്ചു. തർക്കം അടിയിൽ അവസാനിച്ചതോടെ ഇരു പാർട്ടികൾ തമ്മിലെ സംഘർഷമായി മാറിയതായി കൊല്ലങ്കോട് പൊലീസ് പറഞ്ഞു.
ചെമ്മണാമ്പതിയിലെ സി.പി.എം സ്ഥാനാർഥി അക്തറും ബി.ജെ.പി സ്ഥാനാർഥി രാജുവും തമ്മിൽ വാക്കേറ്റമുണ്ടായി. അക്തറിനെ രാജു കൗണ്ടർ മർദിച്ചതായുള്ള പരാതിയിൽ രാജു കൗണ്ടറിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
രാജു കൗണ്ടറുടെ വീട് ആക്രമിക്കുകയും സഹോദരൻ തങ്കവേലുവിനെ ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിൽ സി.പി.എം സ്ഥാനാർഥി അക്തർ, ഗോപി, കുരുകാനന്ദൻ തുടങ്ങി മുപ്പതോളം പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
സർക്കിൾ ഇൻസ്പെക്ടർ വിപിൻദാസ്, സബ് ഇൻസ്പെക്ടർ ഷാഹുൽ, എ.എസ്.ഐമാരായ ഗണേഷ് കുമാർ, നസീറലി, സി.പി.ഒമാരായ വിനീഷ്, ജിജോ, ദിലീപ്, റിനാസ് തുടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.