കൊല്ലങ്കോട്: മുതലമട പഞ്ചായത്തിൽ ഭവന പദ്ധതിയിൽനിന്ന് പുറത്തായവർ നിരവധി. ചെമ്മണന്തോട്, ചുടുകാട്ടുവാര, നരിപ്പാറചള്ള എന്നീ കോളനിയളിലാണ് 60ലധികം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നത്. ചെമ്മണന്തോട് കോളനിയിൽ മാത്രം 28ൽ അധികം കുടുംബങ്ങളാണ് പുറേമ്പാക്ക് ഭൂമിയിൽ പട്ടയവും ഭവനപദ്ധതിയും ഇല്ലാതെ ദുരിതമനുഭവിക്കുന്നത്.
ചുടുകാട്ടുവാരയിൽ പഞ്ചായത്ത് സ്ഥലത്തിൽ രണ്ട് പതിറ്റാണ്ടിലധികമായി വസിക്കുന്ന പത്തോളം കുടുംബങ്ങൾ ഓലക്കുടിലിലാണ് താമസം. റേഷൻ കാർഡ് പോലും മിക്കവർക്കും ലഭിച്ചിട്ടില്ല. പഞ്ചായത്തിൽ ഭവന പദ്ധതിക്കായി പത്ത് വർഷങ്ങൾക്കുമുമ്പ് അപേക്ഷ നൽകിയും നടപടി ഉണ്ടായിട്ടില്ലെന്ന് കോളനിവാസികൾ പറയുന്നു.
ചുള്ളിയാർ ഡാമിനടുത്ത നരിപ്പാറ ചള്ളയിൽ വസിക്കുന്ന ഒമ്പത് കുടുംബങ്ങളിൽ നാലു ആദിവാസി കുടുംബങ്ങൾ ഉണ്ടായിട്ടും ഭവനപദ്ധതിയിൽ ഉൾപ്പെടാതെ ചോരുന്ന കുടിലിൽ വസിക്കുകയാണ്. പുറമ്പോക്ക് ഭൂമിയിൽ വസിക്കുന്നവർക്ക് ഫ്രട്ടേണിറ്റി പ്രവർത്തകരാണ് വൈദ്യുതിയെത്തിച്ച് നൽകിയത്.
റേഷൻ കാർഡ് പോലും ലഭിക്കാത്തവരും ഉണ്ട്. ആദിവാസി കുടുംബങ്ങൾക്ക് ഭൂമിയും ഭവനവും ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയാറായില്ലെന്ന് പൊതുപ്രവർത്തകനായ ഡി.വൈ. ഷൈഖ് മുസ്തഫ പറഞ്ഞു. എന്നാൽ, നിരപ്പാറ ചള്ളയിൽ ചിലർക്ക് ഭവനപദ്ധതി അനുവദിച്ചതായി മുതലമട പഞ്ചായത്ത് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.