കൊല്ലങ്കോട്: പ്ലാറ്റ്ഫോം നീളം വർധിപ്പിക്കൽ പുരോഗമിക്കുന്നു. ചെന്നൈ ട്രെയിന് സ്റ്റോപ്പ് വേണമെന്ന് യാത്രക്കാർ. 450 മീറ്റർ ദൈർഘ്യമുണ്ടായിരുന്ന കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിൽ അമൃത ഉൾപ്പെടെയുള്ള ട്രെയിനുകൾ നിർത്തുമ്പോൾ മൂന്ന് ബോഗികൾ പ്ലാറ്റ്ഫോമിന് പുറത്തായിരുന്നു. യാത്രക്കാരുടെ നിരന്തര ആവശ്യമാണ് 130 മീറ്റർ കൂടുതലായി പ്ലാറ്റ്ഫോം നീളം വർധിപ്പിച്ചത്.
നിലവിൽ ആകെ 580 മീറ്ററാണ് പ്ലാറ്റ്ഫോം നീളം. ഇരുപത്തിനാലിലധികം ബോഗികളുള്ള ട്രെയിൻ നിർത്താനാകും. 130 മീറ്റർ പ്ലാറ്റ്ഫോമിന്റെ തറ നിർമിച്ച് വശങ്ങളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കലും മണ്ണ് ഉപ്പിക്കലും പൂർത്തിയായി. ശേഷിക്കുന്ന മേൽക്കൂര, ലൈറ്റ്, കുടിവെള്ളം, തറയിലെ കോൺക്രീറ്റ് എന്നിവ നടത്താൻ ബാക്കിയുണ്ട്. നിലവിൽ അമൃത ട്രെയിൻ നിർത്തുമ്പോൾ യാത്രക്കാർക്ക് ഇറങ്ങാൻ പ്രയാസമില്ല.
പുതുതായി നിർമാണം പുരോഗമിക്കുന്ന പ്ലാറ്റ്ഫോമിൽ ഇറങ്ങിയാണ് യാത്രക്കാർ സ്റ്റേഷനിൽനിന്നും പുറത്ത് കടക്കുന്നത്. ആയതിനാൽ നിലവിൽ സ്റ്റോപ്പ് ഇല്ലാത്ത പാലക്കാട് -ചെന്നൈ എക്സ്പ്രസിന് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. അമൃത എക്സ് പ്രസിലും ചെന്നൈ എക്സ് പ്രസിനും സ്റ്റോപ്പ് വേണമെന്നാവശ്യപ്പെട്ട് എം.ബി. രാജേഷ്, പി.കെ. ബിജു എന്നീ എം.പിമാർ മറ്റു ജനപ്രതിനിധികൾ എന്നിവർ വർഷങ്ങൾക്കുമുമ്പ് ട്രെയിൻ തടഞ്ഞ സമരം നടത്തിയിരുന്നു. തുടർന്നാണ് അമൃതക്ക് കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിച്ചത്.
അന്ന് റെയിൽവേ ഉറപ്പ് നൽകിയ ചെന്നൈ എക്സ്പ്രസിന് സ്റ്റോപ്പ് അനു വദിക്കുമെന്നത് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. പ്ലാറ്റ്ഫോം നീളം കുറവ് എന്നതായിരുന്നു പിന്നീട് റെയിൽവേ പറഞ്ഞ കാരണം. എന്നാൽ നിലവിൽ പ്ലാറ്റ്ഫോം നീളം വർധിച്ചതിനാൽ ചെന്നൈ എക്സ് പ്രസ് കൊല്ലങ്കോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെയും റെയിൽ പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.