കൊല്ലങ്കോട്: അനധികൃതമായി പാറ ഉൽപ്പന്നങ്ങൾ കയറ്റിയതിന് 20 ടിപ്പർ ലോറികൾ പൊലീസ് പിടിച്ചെടുത്തു. കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ വി.കെ. രാജേഷും എസ്.ഐ. സുജിത്തും ഉൾപ്പെടുന്ന സംഘമാണ് ലോറികൾ പിടികൂടിയത്.
മുതലമട പഞ്ചായത്തിൽ മൂച്ചങ്കുണ്ട്, ഇടുക്കുപാറ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത ക്വാറികളിൽനിന്നാണ് തിങ്കളാഴ്ച പുലർച്ചെ ലോറികൾ കസ്റ്റഡിയിലെടുത്തത്. ഇത്രയധികം ലോറികൾ പൊലീസ് പിടികൂടുന്നത് ആദ്യമായാണ്. നാട്ടുകാർ പരാതിപ്പെട്ടാൽ സ്റ്റോപ്പ് നോട്ടീസ് നൽകുകയല്ലാതെ മറ്റു നടപടികളൊന്നും റവന്യു വകുപ്പ് സ്വീകരിക്കാറില്ല. ജിയോളജി വകുപ്പ് സ്ഥലത്ത് പരിശോധിക്കാൻ എത്താറുമില്ല.
നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുമ്പോൾ ജിയോളജി വകുപ്പ് എത്താറുണ്ടെങ്കിലും ഒന്നോ രണ്ടോ വാഹനങ്ങൾ പിടികൂടി കേസെടുത്ത് പിഴയീടാക്കുന്നതാണ് പതിവ്. എന്നാൽ, പഞ്ചായത്ത്, ജിയോളജി, റവന്യൂ വകുപ്പുകളുടെ അനുവാദമില്ലാതെ പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ജിയോളജി വകുപ്പ് പരിശോധന നടത്തിയ ക്വാറികളിൽ വിജിലൻസ് റെയ്ഡ് നടത്തി നടപടിയെടുത്ത സംഭവം മുതലമടയിൽ രണ്ടു വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നു.
മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പ്രദേശങ്ങളിൽ 38 അനധികൃത ക്വാറികളാണ് പ്രവർത്തിക്കുന്നത്. ക്വാറികളെ മാത്രം ആശ്രയിച്ച് സർവിസ് നടത്തുന്ന 150ലധികം ലോറികളാണ് മുതലമടയിലും പരിസര പഞ്ചായത്തുകളിലുള്ളത്.
കലക്ടറുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകൾ ഉൾപ്പെടുന്ന സംഘം അനധികൃത ക്വാറികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.