കൊല്ലങ്കോട്: മഹാകവി പി. കുഞ്ഞിരാമൻ നായർ സ്മാരക ഗ്രന്ഥശാലയിലെ നൂറിലധികം താളിയോലകൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള താളിയോഗ ഗ്രന്ഥങ്ങളുടെ അപൂർവ ശേഖരമാണ് പി. സ്മാരക ഗ്രന്ഥശാലയിലുള്ളത്. 1995 അംഗങ്ങളുള്ള ഗ്രന്ഥശാല ഇതിനകം ഇരുപതിലധികം അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. രാമായണം, ഭാഗവതം, ഗജരാജ മന്ത്രം, വിഷ മോചനം, കൊല്ലങ്കോട് രാജകുടുംബമായ വെങ്ങുനാട് കോവിലകത്തിന്റെ നാൾവഴികളിലെ വിവരണം, കോഴിക്കോട് സാമൂതിരിയുമായി ബന്ധപ്പെട്ട താളിയോലകൾ വരെ ഉള്ള അപൂർവ ശേഖരങ്ങളെ ഡിജിറ്റലൈസേഷൻ ചെയ്യണമെന്ന് സംസ്ഥാന ലൈബ്രറി കൗൺസിലിന് അപേക്ഷ നൽകിയും പരിഗണിച്ചിട്ടില്ല.
മിക്ക താളിയോലകളും ജീർണാവസ്ഥയിലായതിനാൽ സന്ദർശകർ എടുത്തു വായിക്കുന്നതിൽ നിയന്ത്രണമുണ്ട്. ദ്രവിച്ചു നശിക്കുന്നതിനു മുമ്പ് സംരക്ഷിക്കണമെന്നാണ് വായനാ പ്രേമികളുടെ ആവശ്യം. 30,200 ഗ്രാസ്ഥശേഖരങ്ങൾങ്ങൾ ഉള്ള ഇവിടം ഒരു റഫറൻസ് ലൈബ്രറിയാണ്. 1981 ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്ത ഗ്രന്ഥശാല പുതിയ കെട്ടിടത്തിലേക്ക് കുറച്ച് ഗ്രന്ഥങ്ങൾ മാറ്റിയെങ്കിലും പഴയ കെട്ടിടം വായനക്കായി ഉപയോഗിച്ചു വരുന്നുണ്ട്.
പുതുതലമുറ വായനലോകത്തേക്ക് എത്താൻ പുതിയ ആവിഷ്കാരങ്ങൾ വിദ്യാലയങ്ങളിൽ കൊണ്ടുവരണമെന്ന് 41 വർഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ പി. സ്മാരകത്തിൽനിന്ന് വിരമിച്ച എ.സേതുമാധവൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ എം. ഇന്ദിര ദേവിയാണ് ഇപ്പോഴത്തെ ലൈബ്രേറിയൻ. സാഹിത്യകാരൻ ഇയ്യങ്കോട് ശ്രീധരന്റെ മേൽനോട്ടത്തിലാണ് അക്ഷര പ്രേമികൾക്ക് കരുത്തു പകരുന്ന പി.ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.