ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് നടന്ന പടിഞ്ഞാറൻചേരിയുടെ എഴുന്നള്ളത്ത്
ഒറ്റപ്പാലം: കുംഭച്ചൂടിനും തളർത്താനാകാത്ത ആവേശത്തോടെ ചിനക്കത്തൂരിൽ വള്ളുവനാടൻ പൂരപ്പെരുമ പൂത്തുലഞ്ഞു. മാമാങ്ക സ്മരണകളുണർത്തി കൂറ്റൻ കുതിരക്കോലങ്ങൾ വാനിലേക്കുയർന്നപ്പോൾ തിങ്ങിക്കൂടിയ പുരുഷാരം ആഹ്ലാദത്തിമിർപ്പോടെ ആർത്തുവിളിച്ചു.
എണ്ണിയാലൊടുങ്ങാത്ത കെട്ടുകാഴ്ചകളും തേരും തട്ടിന്മേൽകൂത്തും മതിവരാക്കാഴ്ചകളായി. താളമേളങ്ങളുടെ അകമ്പടിയിൽ ആനപ്പൂരം അണിനിരന്നപ്പോൾ പടിഞ്ഞാറ് അന്തിച്ചുമപ്പ് പരന്നിരുന്നു. കുടമാറ്റവും കൂട്ടിയെഴുന്നള്ളിപ്പും പൂരപ്പെരുമക്ക് മാറ്റുകൂട്ടി. തട്ടകത്തിന്റെ മണ്ണിലും പൂരപ്രേമികളുടെ മനസ്സിലും വസന്തോത്സവം വിരിയിച്ച് ചിനക്കത്തൂർ പൂരം സമൃദ്ധിയുടെ കാഴ്ചവട്ടങ്ങൾ സമ്മാനിച്ചു.
പൂരപ്പെരുമ നേരിൽ കാണാനും കുംഭത്തിലെ മകം നാളിൽ പിറന്ന ഭഗവതിയുടെ അനുഗ്രഹം തേടിയും ക്ഷേത്രസന്നിധിയിലേക്ക് ജനപ്രവാഹമായിരുന്നു. ദേശ ഭാഷകൾ മറന്ന് ചിനക്കത്തൂരിലേക്കുള്ള തീർഥയാത്രയായിരുന്നു പലർക്കുമിത്. ആറാട്ട് മേളത്തോടെയായിരുന്നു തുടക്കം. താഴേക്കാവിന്റെ നടയടച്ച് കൊടിയിറക്കിയതോടെ മേലേക്കാവിലെത്തിയ ഭഗവതിക്കു മുന്നിൽ പ്രാർഥനകളുമായി ഭക്തർ വന്നും പോയുമിരുന്നു. ഏഴ് ദേശങ്ങളിൽ നിന്നും ഭഗവതിയുടെ ഭൂതഗണങ്ങളായ പൂതനും തിറയും വെള്ളാട്ടും കുമ്മാട്ടിക്കൂട്ടങ്ങളും ക്ഷേത്രനടയിൽ അനുഗ്രഹം തേടിയെത്തി. കുടകളിയും കാവുതീണ്ടലും ആചാരപ്രകാരം നടന്നു. ഉച്ചയോടെയായിരുന്നു പൂരപ്പുറപ്പാട്.
നാടുവാഴികളുടെയും പൂർവപ്രതാപികളുടെയും പ്രതീകങ്ങളായ 16 കൂറ്റൻ കുതിരക്കോലങ്ങൾ പടിഞ്ഞാറൻ, കിഴക്കൻ ചേരികളിലെ പന്തികളിലായി കാത്തുകിടന്നു. മുരശ് വാദ്യ അകമ്പടിയിൽ കോമരമെത്തിയ ശേഷമായിരുന്നു കുതിര കളിക്ക് തുടക്കമായത്. പടിഞ്ഞാറൻ ചേരിയിലെ പണ്ടാരം (സാമൂതിരി) കുതിരയെയാണ് ആദ്യം ‘ഇളക്കി’വിട്ടത്. ഭഗവതിയെ തൊഴുത് പണ്ടാരം കുതിര തൽസ്ഥാനത്തേക്ക് മടങ്ങിയതോടെ കിഴക്കൻ ചേരിയിലെ ഏറാൾപ്പാട് കുതിരയെ ഊഴമനുസരിച്ച് തൊഴാൻ അനുവദിച്ചു. തുടർന്ന് അവസരം കാത്തുകിടന്ന കുതിരക്കോലങ്ങൾ ഒന്നൊന്നായി ക്ഷേത്രസന്നിധിയിലേക്ക് കുതിച്ചെത്തി. രണവീര്യവുമായി പടനിലം വാണ പൊയ്ക്കുതിരകൾ ആവേശത്തോടെ വാനോളമുയരുമ്പോൾ ആർപ്പുവിളികളുമായി ക്ഷേത്രാങ്കണം മുഖരിതമായി. കൊടുംചൂടിലും കുതിരക്കോലങ്ങളുടെ രണഭേരി മുഴക്കിയുള്ള യുദ്ധക്കളിക്ക് തിളക്കമേറെയായിരുന്നു. കിഴക്കേ പന്തിയിലെ ജ്യോൽസ്യൻ കുതിര (മംഗലത്ത് മന) കളത്തിലിറങ്ങിയതോടെയാണ് കുതിരകളിക്ക് പര്യവസാനമായത്.
തുടർന്ന് പാലപ്പുറം മുതലിയാർ സമുദായത്തിന്റെ തേരും അകമ്പടിയായി താണ്ടാൻ സമുദായത്തിന്റെ തട്ടിന്മേൽ കൂത്തും രംഗത്തെത്തി. ഇവയുടെ പ്രകടനം പൂർത്തിയായതോടെ ദേശങ്ങളിൽ നിന്നുള്ള വഴിപാട് കാളകളും കുതിരകളും ദേവിസന്നിധിയിലെത്തി വന്ദനം നടത്തി.
ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് കിഴക്കൻചേരിയുടെ എഴുന്നള്ളത്ത്
ആനപ്പൂരം അണിനിരന്നപ്പോൾ പടിഞ്ഞാറ് സൂര്യൻ ചാഞ്ഞുതുടങ്ങിയിരുന്നു. സന്ധ്യമയക്കത്തിൽ പടിഞ്ഞാറൻ ചേരിയിൽ 17 ഉം കിഴക്കൻ ചേരിയിൽ 10ഉം ഗജവീരന്മാർ അണിനിരന്നു. കുടമാറ്റവും ചിനക്കത്തൂരിന്റെ ചരിത്രത്തിൽ ആദ്യമായി 27 ആനകൾ പങ്കെടുത്ത കൂട്ടിയെഴുന്നള്ളിപ്പും നടന്നു. അകമ്പടിയായി നടന്ന പാണ്ടിമേളത്തിന് പടിഞ്ഞാറൻ ചേരിയിൽ ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും കിഴക്കൻ ചേരിയിൽ ചെറുശ്ശേരി കുട്ടൻ മാരാരും പഴുവിൽ രഘു മാരാരും പ്രമാണം വഹിച്ചു.
തുടർന്ന് സ്പെഷൽ പൂരാഘോഷ കമ്മിറ്റികൾ ഒരുക്കിയ എണ്ണിയാലൊടുങ്ങാത്ത വേഷങ്ങളുടെ പ്രവാഹം നടന്നു. വണ്ടിവേഷങ്ങളും നിശ്ചല ദൃശ്യങ്ങളും തുടങ്ങിയ കെട്ടുകാഴ്ചകളുടെ അണമുറിയാത്ത ഒഴുക്കായിരുന്നു അത്. ഇതോടെ പകൽപൂരം സമാപിച്ചു.
വ്യാഴാഴ്ച പുലർച്ച അഞ്ചോടെ രാത്രി പൂരഭാഗമായി ആനപ്പൂരം അണിനിരന്നു. തുടർന്ന് തേര്, തട്ടിന്മേൽ കൂത്ത്, കുതിര കളി എന്നിവയോടെ രാവിലെ 11ന് പൂരത്തിന് കൊടിയിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.