പത്തിരിപ്പാല: കൊയ്ത്ത് കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാൻ സപ്ലെകോ നടപടിയെടുക്കാത്തതിൽ കർഷകർ കറുപ്പ് റിബൺ കൊണ്ട് വായ മൂടി പ്രതിഷേധിച്ചു.
മണ്ണൂർ ഞാറക്കോട് പാടശേഖരത്തിലെ കർഷകരുടെ നേതൃത്വത്തിലായിരുന്നു മുറ്റത്ത്കൂട്ടിവെച്ച നെല്ലിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഒന്നര മാസമായി കർഷകർ നെല്ല്ചാക്കിലും വീടുമുറ്റത്തും പറമ്പിലുമായി സൂക്ഷിച്ചിരിക്കുകയാണ്.
പലപ്പോഴും മഴ മൂലം നെല്ല് രണ്ടാമതും ഉണക്കേണ്ട അവസ്ഥയിലുമാണ്. നെല്ല് പരിശോധനക്കായി ആവശ്യമായ ജീവനക്കാരെ സപ്ലൈകോ നിയമിക്കാത്തതാണ് സംഭരിക്കാൻ കാലതാമസം നേരിടുന്നതെന്ന് കർഷകർ പറയുന്നു. ഇതോടെ ബുദ്ധിമുട്ടിലായ പകുതിയിലേറെ കർഷകരും തുച്ഛമായ വിലക്ക് സ്വാകാര്യ മില്ലുകൾക്ക് നെല്ല് വിൽക്കുകയാണ്.
നെല്ല് സംഭരിക്കാനുള്ള സർക്കാർ അനുമതി ലഭിച്ചെങ്കിലും സപ്ലൈകോ നടപടിയെടുക്കാത്തതാണ് കാലതാമസം നേരിടാൻ കാരണമെന്ന് കർഷകർ പറയുന്നു.
എൻ.ആർ. രവീന്ദ്രൻ, എൻ.സി. മോഹൻദാസ്, കെ. ഗോപിനാഥൻ, മുരളീധരൻ കൊന്നയത്ത്, എൻ.ആർ. ധനഞ്ജയൻ, എൻ.കെ. ഷാജി, എൻ.എസ്. ജയകൃഷ്ണൻ, പ്രമോദ് കല്ലിങ്കൽ, എൻ.എസ്. ബ്രിജേഴ്സ്, എൻ.സി. രാജീവ്, എം. രവീന്ദ്രൻ തുടങ്ങി 50 തോളം കർഷകരുടെ നെല്ല് വിവിധയിടങ്ങളിലായി ഒന്നര മാസമായി കിടക്കുകയാണ്.
ഞാറകോട് പാടശേഖരത്തിൽ മാത്രം 50 ടൺ നെല്ല് വിവിധയിടങ്ങളിലായി സംഭരണവും കാത്ത് കിടപ്പാണ്. സപ്ലൈകോ യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുത്തില്ലെങ്കിൽ സമരം മണ്ണൂർ കൃഷിഭവന് മുന്നിലേക്ക് മാറ്റുമെന്നും പാടശേഖര സമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.