പട്ടാമ്പി: കൈപ്പുറത്തെ മഞ്ഞപ്പിത്തബാധ, പ്രതിരോധ പ്രവർത്തനങ്ങളുമായി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും രംഗത്ത്. നടുവട്ടം എ.എം.എൽ.പി സ്കൂളിൽ മഞ്ഞപ്പിത്ത രോഗ നിയന്ത്രണ മെഡിക്കൽ ക്യാമ്പ് നടത്തി. 83 പേർ പരിശോധനക്കെത്തി. ഏറെ പേരിലും രോഗലക്ഷണം ഉണ്ട്.
കുടിവെള്ളത്തിലൂടെ പടർന്നതാകാം രോഗം എന്നാണ് ആദ്യനിഗമനം. ജില്ല മെഡിക്കൽ ഓഫിസിൽ നിന്നെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്കൊപ്പം വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. ഒരുമാസം മുമ്പേ രോഗബാധിതർ പ്രദേശത്തുണ്ട്. ഏറെയും കുട്ടികളിലാണ് രോഗലക്ഷണം. കുട്ടികളിൽ നിന്നാണ് മുതിർന്നവരിലേക്ക് പടർന്നതെന്ന് കരുതുന്നു.
സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുമുണ്ട്. രോഗബാധിതരുടെ കൃത്യമായ കണക്കുകൾ പരിശോധന ഫലം പൂർണമായും ലഭിച്ചശേഷമേ വ്യക്തമാകൂ.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ പദ്ധതികൾ ആവിഷ്കരിച്ചു.
ഹൗസ് കാമ്പയിൻ, ബോധവത്കരണം, ക്ലോറിനേഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ. അസീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. റഷീദ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ബുഷറ ഇഖ്ബാൽ, എം. രാധാകൃഷ്ണൻ, എ.കെ. മുഹമ്മദ് കുട്ടി, ജില്ല മെഡിക്കൽ ഓഫിസിലെ ടെക്നിക്കൽ അസിസ്റ്റന്റ് ഡി.കെ. ശംഭു, എപിഡമോളജിസ്റ്റ് ഡോ. അഞ്ജിത, തിരുവേഗപ്പുറ മെഡിക്കൽ ഓഫിസർ ഡോ. രഞ്ജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ എസ്.ആർ. ബൈജു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അൻവർ അലി, ജാഫർ, പബ്ലിക് ഹെൽത്ത് നേഴ്സ് ഗീത എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.