പട്ടാമ്പി: ആറായിരത്തോളം ചിത്രങ്ങൾ, 11 ചിത്രപ്രദർശനം, അറുപതോളം പുരസ്കാരങ്ങൾ, ഒമ്പതു വയസ്സിനിടെ ചിത്രരചനയിൽ വിസ്മയമായ നീരവ് എസ്. ഗണേഷിനെ തേടിയെത്തിയത് അർഹതക്കുള്ള അംഗീകാരം.
പൊതുവിഭാഗം ചിത്രരചന, കഥാരചന വിഭാഗത്തിലാണ് പട്ടാമ്പി ജി.എം.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ നീരവിന് പുരസ്കാരം. കോവിഡ് കാലത്താണ് നീരവ് ചിത്രരചനയിലേക്ക് ആകൃഷ്ടനായത്.
പെൻസിൽ ഡ്രോയിങ്, പോസ്റ്റർ കളർ, വാട്ടർ കളർ, ചാർക്കോൾ, ഓയിൽ പേസ്റ്റ് എന്നീ മീഡയയിൽ ആറായിരത്തോളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൊച്ചി ബിനാലെ ചിൽഡ്രൻസ് വിഭാഗത്തിൽ നീരവ് വരച്ച ‘കറുത്ത നഗരം’ ശ്രദ്ധനേടി.
2022ൽ നാഗ്പൂർ ബസോളി ഗ്രൂപ് നടത്തിയ ദേശീയ ബാലചിത്ര മത്സരത്തിൽ മികച്ച അഞ്ച് ചിത്രങ്ങളിലൊന്ന് നീരവിന്റെ ‘ഡിവൈനിറ്റി’ ആയിരുന്നു. 2023ൽ ബസോളി ഗ്രൂപ്പിന്റെ ദേശീയ ചിത്രരചന മത്സരത്തിൽ നീരവിന്റെ ‘ദി വില്ലേജ്’ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. കൂടാതെ ഇന്ത്യലെ ഏറ്റവും മികച്ച അഞ്ച് ബാലചിത്രകാരിൽ ഒരാളായും ഈ മിടുക്കൻ തെരഞ്ഞെടുക്കപ്പെട്ടു.
2024ലെ ഐ.സി.എ.സി ദേശീയ ബാലചിത്രരചന പുരസ്കാരം, ഗ്രാമസ്വരാജ് ബാലപ്രതിഭ പുരസ്കാരം, ഗാന്ധിദർശൻ പുരസ്കാരം തുടങ്ങി 60ഓളം പുരസ്കാരങ്ങൾ നീരവ് സ്വന്തമാക്കിയിട്ടുണ്ട്. ആറടി നീളത്തിൽ ഒറ്റ ക്യാൻവാസിൽ തയാറാക്കിയ ജലാശയം, പത്തടി നീളത്തിൽ ക്യാൻവാസിൽ വരച്ച ചാന്ദ്രയാൻ എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടി.
കഴിഞ്ഞ ഉപജില്ല കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ്, പെയിന്റിങ് എന്നിവയിൽ ഒന്നാംസ്ഥാനവും ഫാബ്രിക് പെയിന്റിങിൽ എ ഗ്രേഡും നേടി. വിവിധ ബാലമാസികകളിൽ ചിത്രങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്.എസ്.കെ കുട്ടികളുടെ അധിക വായനക്ക് വേണ്ടി ഒരുക്കിയ ‘എഴുത്തുപച്ച’ പുസ്തകത്തിന്റെ മലയാളം, അറബി, തമിഴ് വിഭാഗത്തിനും കവർ വരച്ചു.
കണ്ണൂർ ജില്ല പഞ്ചായത്ത് ഒരുക്കിയ കഥാരാമം പുസ്തകത്തിന്റെ കവർ ചിത്രമൊരുക്കിയതും ഈ മിടുക്കനാണ്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശി ഗണേഷ് വേലാണ്ടിയുടെയും പട്ടാമ്പി താലൂക്ക് ഓഫിസ് ജീവനക്കാരി ടി. സുനിതയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.