പ​ട്ടാ​മ്പി ഗവ. സംസ്കൃത കോളജിൽ നി​ർ​മി​ച്ച സ​യ​ൻ​സ് ബ്ലോ​ക്ക്

കോളജ് വളർന്നിട്ടും പുതിയ കോഴ്സുകൾ ലഭിക്കാതെ പട്ടാമ്പി ഗവ. സംസ്കൃത കോളജ്

പട്ടാമ്പി: കേരളത്തിലെ സർക്കാർ കോളജുകളിൽ ഏറ്റവും വലിയ കെട്ടിടം സ്വന്തമായുള്ള പട്ടാമ്പി സർക്കാർ സംസ്കൃത കോളജിനോട് അധികൃതർക്ക് ചിറ്റമ്മനയമെന്ന്. സയൻസ് ബ്ലോക്ക് നിർമാണം പൂർത്തിയായതോടെ സർവകലാശാലകൾക്ക് തുല്യമായ ഭൗതിക സാഹചര്യങ്ങളുള്ള കോളജിൽ പുതിയ കോഴ്സുകൾ ലഭിക്കുന്നില്ലെന്നാണ് പരാതി. 110 വർഷം പിന്നിട്ട കോളജിൽ 11 ബിരുദ കോഴ്സുകളും ഏഴ് ബിരുദാനന്തര ബിരുദ കോഴ്സുകളും അഞ്ച് ഗവേഷക വകുപ്പുകളും മാത്രമാണുള്ളത്. എം.എസ്.സി സുവോളജിയാണ് അവസാനം ലഭിച്ചത്. 2012ൽ ബി.എ. അറബിക്കും ബി.എസ്.സി ഫിസിക്സും അനുവദിച്ചിരുന്നു.

എന്നാൽ ഇവയുടെ പി.ജിക്ക് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. അറബിയിൽ പല തവണ നൂറുമേനി ജയവും യൂനിവേഴ്സിറ്റി റാങ്കുകളും കോളജ് കരസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ ഉപരിപഠനത്തിന് ജില്ലയിൽ എവിടേയും സൗകര്യമില്ല. സയൻസ് ബ്ലോക്ക് വന്നിട്ടും ഫിസിക്സിന് പി.ജി ലഭിച്ചില്ല. മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങളിലും പുതിയ കോഴ്സുകൾക്ക് ആവശ്യമുയർന്നെങ്കിലും അധികൃതർ കനിഞ്ഞിട്ടില്ല. റൂസ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവഴിച്ച് ഐ.ടി. ഹബ് കോളജിൽ സ്ഥാപിതമായിട്ടുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കാർഷിക ഗവേഷണ കേന്ദ്രം അനുവദിച്ച നാല് സെന്റ് ഭൂമിയിൽ കിണർ കുഴിച്ച് കോളജിലേക്ക് വെള്ളമെത്തിക്കുന്ന പദ്ധതിയും 20 ലക്ഷം ചെലവഴിച്ച് പൂർത്തിയാക്കിയിട്ടുണ്ട്.

ശുചിമുറി നിർമ്മാണം, വിമൺസ് അമിനിറ്റി സെന്റർ എന്നിവയും റൂസയുടെ സഹായത്താൽ പൂർത്തിയായിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷം മതിപ്പിൽ ചെർപ്പുളശ്ശേരി റോഡിലേക്ക് പുതിയ കവാടം നിർമാണം തുടങ്ങിയിട്ടുണ്ട്. 29 ലക്ഷത്തി‍െൻറ ഒരു ബസും ഉടനെ ലഭ്യമാവും. താലൂക്ക് ലൈബ്രറി കെട്ടിടം കോളജ് വളപ്പിൽ സ്ഥാപിക്കുന്നതിന് ഒരു കോടിയും അനുവദിച്ചിട്ടുണ്ട്. 8.34 കോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് ഒരു ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നതിനുള്ള ധാരണാപത്രവും ഒപ്പുവെച്ചു കഴിഞ്ഞു. 20 കോടിയുടെ സംസ്കൃത ബ്ലോക്ക് നിർമാണത്തിന് പുതിയ ബജറ്റിൽ തുക വകയിരുത്തിയതും പട്ടാമ്പി കോളജിന്റെ വികസനത്തിൽ എടുത്തു പറയേണ്ടതാണ്. പുതിയ കോഴ്സുകൾ വന്നാൽ മാത്രമേ ഭൗതിക സാഹചര്യങ്ങൾ പ്രയോജനപ്രദമാവുകയുള്ളൂ.

Tags:    
News Summary - Pattambi Govt. Sanskrit College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.