ഷൊർണൂർ: കെ.എസ്.ഇ.ബി ഷൊർണൂർ സർക്കിളിന് കീഴിലെ വൈദ്യുതിലൈനുകളിലെ അലുമിനിയം കമ്പികൾ മാറ്റി കവചിത കേബിളുകളാക്കി മാറ്റുന്നു. സർക്കിളിന് കീഴിലെ ഷൊർണൂർ, പട്ടാമ്പി, മണ്ണാർക്കാട് ഡിവിഷനുകളിലാണ് 83 കോടി രൂപ ചെലവിൽ നവീകരണം നടത്തുന്നത്.
വൈദുതി വിതരണത്തിലെ തടസ്സങ്ങളും പ്രസരണ നഷ്ടവും അപകടങ്ങളും കുറക്കാനാണ് ഇൻസുലേറ്റഡ് കേബിൾ (കവേർഡ് കണ്ടക്ടർ ) സംവിധാനം സ്ഥാപിക്കുന്നത്. മൂന്ന് ഡിവിഷനുകളിലായി 29 സെക്ഷനുകൾ ഷൊർണൂർ സർക്കിളിന് കീഴിലുണ്ട്.
ഇതിൽ വാണിയംകുളം സെക്ഷനിലെ ഷൊർണൂർ കുളപ്പുള്ളി സബ് സ്റ്റേഷൻ മുതൽ കൂനത്തറ വരെയുള്ള 2.8 കിലോമീറ്റർ ദൂരത്ത് കവചിത കേബിളുകളാക്കി കഴിഞ്ഞു.
ഒരു തടസ്സവുമില്ലാതെ ദിവസവും വൈദ്യുതി നൽകുകയാണ് കേന്ദ്ര സർക്കാരിന്റെ ആർ.ഡി.എസ്.എസ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പുതിയ കേബിളുകൾ വലിക്കുന്നതിനൊപ്പം ഭാരം താങ്ങാൻ പറ്റാത്ത, കാലപ്പഴക്കം ചെന്ന തൂണുകൾ മാറ്റുന്നുമുണ്ട്. ഇതോടൊപ്പം തൂണുകളിൽ വയറുകൾ ഘടിപ്പിക്കുന്ന കോമ്പോസിറ്റ് പിന്നുകളും മാറ്റുന്നുണ്ട്. മഴക്കാലമായാൽ കെ.എസ്.ഇ.ബി.ക്ക് നേരിടേണ്ടി വരുന്ന നിരവധി പ്രശ്നങ്ങൾ കവചിത കേബിളുകളാക്കുന്നതോടെ ഏറെ പരിഹരിക്കപ്പെടും.
മരങ്ങൾ കടപുഴകിയും കൊമ്പുകൾ പൊട്ടിവീണും വൈദ്യുതി കമ്പികൾ പൊട്ടുന്നതിനും തൂണുകൾ മറിയുന്നതിനുമൊക്കെ കാരണമാകാറുണ്ട്. പലപ്പോഴും ഇത്തരം സംഭവങ്ങൾ അപകടങ്ങളിലേക്കും നയിക്കാറുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ കെ.എസ്.ഇ.ബിക്കുണ്ടാവുന്നുമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടതിനാൽ ജനങ്ങളും ഏറെ വലയും.
ഇതിനെല്ലാം പുതിയ സംവിധാനം പൂർത്തിയാകുന്നതോടെ ഏറെക്കുറെ പരിഹാരമാവുമെന്നാണ് കണക്ക് കൂട്ടുന്നത്. ഇതിനായി വൈദ്യുതി ഓപറേറ്റർ പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റാണ്ട് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.