അടൂര്‍: അടൂരിൽ ജല അതോറിറ്റി ജല വിതരണം രണ്ട് ദിവസമാക്കി ചുരുക്കിയതോടെ ജനം വലയുന്നു. കടുത്ത വേനലിൽ ജലത്തിന്റെ ലഭ്യത കുറയുകയും ഉപയോഗം വർധിക്കുകയും ചെയ്തതിനിടെയാണ് ജല അതോറിറ്റിയും നിയന്ത്രണം ഏർപ്പെടുത്തിയത്. നേരത്തേ ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ജല വിതരണം. ഇപ്പോൾ തിങ്കൾ, വെള്ളി ദിവസങ്ങളിലാണ് ജലവിതരണം. നേരത്തേ ആഴ്ചയിൽ എല്ലാ ദിവസവും പിന്നീട് മൂന്ന് ദിവസവുമായിരുന്നു ജലവിതരണം.
കഴിഞ്ഞ തിങ്കളാഴ്ചചില സാങ്കേതിക തടസ്സങ്ങള്‍ കാരണം ഉച്ചകഴിഞ്ഞാണ് വിതരണം ആരംഭിച്ചത്. അതിനാല്‍ പലര്‍ക്കും ആവശ്യത്തിന് വെള്ളം ലഭിച്ചില്ല. അടുത്ത വിതരണ ദിവസമായ ഇന്ന് വെള്ളം കിട്ടുമെന്ന പ്രതീക്ഷയിലാണ് ജനം. കടുത്ത ചൂടില്‍ മിക്ക കിണറുകളും വറ്റിവരണ്ടതോടെ ജല അതോറിറ്റിയിലെ വെള്ളമാണ് ഇവിടെയുള്ളവർക്ക് ഏകാശ്രയം. എന്നാല്‍ ജല അതോറിറ്റിയുടെ ജല വിതരണം ആഴ്ച്യില് രണ്ട് ദിവസമാക്കി കുറച്ചതോടെ ജനം വലയുകയാണ്. കിലോമീറ്റര്‍ താണ്ടി വാഹനങ്ങളില്‍ പോയാണ് വെള്ളം ശേഖരിക്കുന്നത്. അടുത്തിടെ അമ്യത് പദ്ധതിയില്‍ രണ്ടായിരത്തി ലധികം കണക്ഷനുകള്‍ നല്‍കിയിരുന്നു. നഗരസഭയില്‍ 8500 ലധികം വാട്ടര്കണക്ഷനുകളാണ് ഉള്ളത്. നഗരസഭയിലും നാല് പഞ്ചായത്തുകളിലേക്കുമുള്ള വെള്ളം അടൂര്‍ ജല അതോറിറ്റിയുടെ ചിരണിക്കല്‍ ജല ശുദ്ധീകരണശാലയില്‍ നിന്നുമാണ് നല്‍കുന്നത്. ഇത്രയധികം കണക്ഷനുകള്ക്കാവശ്യമായ വെള്ളം ലഭ്യമാക്കാനുള്ള ശേഷി പ്ലാന്റിന് ഇല്ല. ഒരു ദിവസം പത്ത് ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ചിരണിക്കല്‍ പ്ലാന്റിന്റെ ശേഷി. വേനലായതോടെ വെള്ളത്തിന്റെ ഉപഭോഗം വർധിച്ചതിനാല്‍ ഉയര്‍ന്നഭാഗത്ത് പലപ്പോഴും വെള്ളം ലഭിക്കുന്നില്ല.
കൈമല പാറയില്‍ പുതിയ പ്ലാന്റ് നിര്‍മ്മിക്കാന്‍ 7. 6 കോടി രൂപ അനുവദിച്ച് കരാര്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. പണി ആരംഭിക്കുന്നത് അനിശ്ചിതമായി നീളുകയാണ്. പഞ്ചായത്തുകളില്‍ ജലനിധി പദ്ധതി യാഥാഥ്യമാകുന്നതോടെ ചിരണിക്കല്‍ പ്ലാന്റില്‍ നിന്ന് പഞ്ചായത്തുകളിലെക്ക് ജലവിതരണം നടത്തേണ്ടി വരില്ലെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ നിലവിലുള്ള പ്ലാന്റിന്റെ ശേഷി ഉപയോഗിച്ച് നഗരസഭ പരിധിക്കുള്ളില്‍ ജലവിതരണം മുടക്കമില്ലാതെ നടത്താന്‍ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.