പത്തനംതിട്ട: ഉരുൾ കവർന്നെടുത്ത വയനാട് മേപ്പാടിയിൽ ഉയർന്ന ബെയ്ലി പാലം വാർത്തകളിൽ നിറയുമ്പോൾ കേരളത്തിൽ സൈന്യം ആദ്യമായി ബെയ്ലി പാലം നിർമിച്ചത് റാന്നിയിലെന്ന് ഓരോ പത്തനംതിട്ടക്കാരനും അഭിമാനത്തോടെ പറയും. മൂന്ന് പ്രദേശങ്ങളിൽ ബെയ്ലി പാലം തുറന്ന ഏക ജില്ലയും പത്തനംതിട്ടയാണ്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പമ്പാനദിക്കു കുറുകെയാണ് 1996ൽ ബെയ്ലി പാലം വന്നത്.
1996 ജൂലൈ 29ന് റാന്നി വലിയപാലം അപ്രതീക്ഷിതമായി തകർന്നു. പ്രധാന പാതയിലെ തടസ്സം യാത്രാ തടസ്സം സൃഷ്ടിച്ചു. റാന്നിയും മലയോര ജില്ലയായ പത്തനംതിട്ടയും രണ്ടായി വിഭജിക്കപ്പെട്ടു. ബോട്ടിലും വള്ളത്തിലുമൊക്കെയായി നദി കുറുകെ കടന്നുള്ള യാത്ര അപകടങ്ങളും ക്ഷണിച്ചുവരുത്തി. ശബരിമല തീർഥാടന പാതയെന്ന പരിഗണനയിലാണ് റാന്നിയിൽ ബെയ്ലി പാലം നിർമാണത്തിന്റെ സാധ്യത ആരാഞ്ഞത്.
റാന്നി മുൻ എം.എൽ.എ രാജു എബ്രഹാമിന്റെ ഇടപെടലിന്റെ ഫലമായി അന്നത്തെ നായനാർ സർക്കാർ ഉടൻ സ്ഥിതി വിലയിരുത്തി. യാത്രാ സൗകര്യം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ആദ്യത്തെ ബെയ്ലി പാലം നിർമിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇതിനിടെ റാന്നി വലിയ പാലം തകർന്നിട്ട് ബുധനാഴ്ച 28 വർഷം തികഞ്ഞു.
എം.സി റോഡിൽ പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നതിനെ തുടർന്നുണ്ടായ യാത്രക്ലേശം പരിഹരിക്കുന്നതിന് കല്ലടയാറിന് കുറുകെ ബെയ്ലി പാലം ഉയർന്നു. 2017 ജനുവരിയിലാണ് ഏനാത്തെ പാലത്തിന് ബലക്ഷയം സംഭവിച്ചത്. ഇക്കാലയളവിൽ എം.സി റോഡിലെ ഗതാഗത തടസ്സം ഒരു പരിധിവരെ പരിഹരിക്കാൻ ഇത് ഉപകാരപ്പെട്ടു. ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നു പോകാൻ സാധിക്കുന്ന 55 മീറ്റർ നീളവും 3.5 മീറ്റർ വീതിയുമുള്ള ക്ലാസ് 18 വിഭാഗത്തിലുള്ള പാലമായിരുന്നു ഇത്. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ 14ാം എൻജിനീയറിങ് റെജിമെന്റിന്റെ മേൽനോട്ടത്തിൽ 50 സൈനികരാണ് നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്. അഞ്ച് മാസത്തോളം ബെയ്ലി പാലത്തിലൂടെയാണ് ചെറിയ വാഹനങ്ങൾ കടന്നു പോയത്. പിന്നീട് പഴയ പാലം നവീകരിച്ച ശേഷം ബെയ്ലി പാലം പൊളിച്ചു നീക്കി.
ദുരന്തനിവാരണത്തിനും സൈനിക ആവശ്യത്തിനും വേണ്ടിയാണ് സാധാരണനിലയിൽ ബെയ്ലി പാലം നിർമിക്കുന്നത്. മുൻകൂട്ടി നിർമിച്ച ഗർഡുകൾ കൂട്ടിയോജിപ്പിച്ചാണ് പാലം നിർമിക്കുന്നത്. ഇരുമ്പുകൊണ്ട് മുൻകൂട്ടി നിർമിച്ച ഭാഗങ്ങൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാവുന്നതാണ്. നട്ടും ബോൾട്ടും ഉപയോഗിച്ച് സ്പാനുകൾ ബലപ്പെടുത്തും. ശേഷം സ്പാനിന് മുകളിൽ ഇരുമ്പ് പാളികൾ ഉറപ്പിക്കുന്നതോടെ ബെയ്ലി പാലം സഞ്ചാരയോഗ്യമാകും.
ബെയിലി പാലത്തിന്റെ നിർമാണ സാങ്കേതികവിദ്യ 1940ൽ സർ ഡൊണാൾഡ് ബെയിലി എന്ന ബ്രിട്ടീഷ് എൻജിനീയർ രൂപകൽപന ചെയ്തതായിരുന്നു. 1942ൽ രണ്ടാം ലോകമഹായുദ്ധസമയത്ത്, ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയിലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്. അതുകൊണ്ടിത് ബെയ്ലി പാലമായി. രണ്ടാം ലോകയുദ്ധ കാലത്ത് ഉത്തര ആഫ്രിക്കയിൽ ബ്രിട്ടീഷ് സൈനിക ആവശ്യത്തിനായാണ് ഇതുണ്ടാക്കിയത്. ബെയ്ലി പാലം ഒരു താൽക്കാലിക മുൻ കൂട്ടി തയാറാക്കിയ മൊഡുലാർ പാലമാണ്. രണ്ടാം ലോകയുദ്ധത്തിനിടയിൽ ഈ പാലങ്ങൾ സൈന്യത്തിനുവളരെ സഹായകരമായി.
കരസേന ആദ്യമായി നിർമിച്ച ബെയിലി പാലവും റാന്നിയിലേതായി. ഇത് അടിയന്തര നിർമാണ സാങ്കേതികവിദ്യയുടെ പ്രാധാന്യം പ്രകടമാക്കിയ ഒരു ചരിത്രം തന്നെയായിരുന്നു.
പാലത്തിലൂടെ ബസുകളടക്കം വലിയ വാഹനങ്ങളുടെ യാത്ര അനുവദിച്ചിരുന്നില്ലെങ്കിലും ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും ഇതു പ്രയോജനപ്പെട്ടു. 1996 നവംബർ എട്ടിനാണ് പാലം യാത്ര ആവശ്യത്തിനായി തുറന്നു കൊടുത്തത്. റാന്നിയിൽ പുതിയ പാലത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നതുവരെ ബെയ്ലി പാലം ഉണ്ടായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ നേരിട്ടെത്തി പാലം കാണുകയും സൈനികരെ അഭിനന്ദിക്കുകയും ചെയ്തു.
ശബരിമല സന്നിധാനത്ത് 2011 നവംബർ ഏഴിന് സൈന്യം ബെയ്ലി പാലം നിർമിച്ചിട്ടുണ്ട്. ദർശനത്തിനുശേഷം തിരികെ കടത്തിവിടുന്നതിനുവേണ്ടിയാണ് പാലം നിർമിച്ചത്.
സന്നിധാനത്തുനിന്ന് ചന്ദ്രാനന്ദൻ റോഡിലേക്ക് നടപ്പന്തൽ വഴി വരാതെ മടങ്ങാനുള്ള പാതയായിട്ടാണ് ഇത് നിർമിച്ചത്. എന്നാൽ, പിന്നീട് ഉപയോഗിക്കാതെയായി. സന്നിധാനത്ത് നിർമിച്ച ബെയ്ലി പാലം ആന്റോ ആന്റണി എം.പിയും മദ്രാസ് എൻജിനീയർ ഗ്രൂപ് ഓഫ് ഇന്ത്യൻ ആർമി കമാൻഡന്റ് ബ്രിഗേഡിയർ ഗുർദീപ് സിങ്ങും ചേർന്നാണ് തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.