പത്തനംതിട്ട: ലഹരി വസ്തുക്കളുടെ ഒഴുക്കിൽ വിറങ്ങലിച്ച് മലയോര ജില്ല. ലഹരി ഉപയോഗത്തിൽ ജില്ലയിൽ വലിയ വർധന വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേസുകളുടെ എണ്ണത്തിൽ രണ്ടര മാസത്തിനിടെ കഴിഞ്ഞ വർഷത്തെ കടത്തിവെട്ടിയിരിക്കുകയാണ് ജില്ല.
ഈ വർഷം രണ്ടര മാസത്തിനിടെ ജില്ലയിൽ 215 കേസ് രജിസ്റ്റർ ചെയ്തപ്പോൾ, കഴിഞ്ഞവർഷം ആകെ രജിസ്റ്റർ ചെയ്തത് 268 കേസ് മാത്രമാണ്. ഇത്രയും കേസുകളിലായി കഴിഞ്ഞവർഷം ആകെ 301 പേർ പൊലീസ് പിടിയിലായി. 268 കേസിൽ കഞ്ചാവ് പിടിച്ചതിന് എടുത്തത് 72 കേസായിരുന്നു, 95 അറസ്റ്റ് നടന്നു. 48.400 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ബ്രൗൺഷുഗർ പിടിച്ചതിന് ഒരു കേസും എം.ഡി.എം.എ കണ്ടെത്തിയതിന് അഞ്ചു കേസും കഞ്ചാവ് വലിച്ചതിന് 190 കേസും രജിസ്റ്റർ ചെയ്തിരുന്നു. 11 ഗ്രാം ബ്രൗൺഷുഗർ പിടിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. എം.ഡി.എം.എ പിടികൂടിയതിന് എട്ടുപേരെ അറസ്റ്റ് ചെയ്തു. 11.950 ഗ്രാം എം.ഡി.എം.എയാണ് പ്രതികളിൽനിന്ന് ആകെ പിടിച്ചെടുത്തത്.
കഞ്ചാവ് ബീഡി വലിച്ചതിന് 190 കേസിലായി 197 പേരെ പിടികൂടി. കഴിഞ്ഞവർഷം എം.ഡി.എം.എ പിടികൂടിയത് അടൂർ, ഏനാത്ത്, പന്തളം, തിരുവല്ല പൊലീസ് സ്റ്റേഷൻ പരിധികളിൽനിന്നാണ്. ബ്രൗൺഷുഗർ പിടികൂടിയത് അടൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുമായിരുന്നു. ഈ വർഷം ഹഷീഷ് ഓയിൽ പിടിച്ചതിന് കൊടുമൺ പൊലീസ് സ്റ്റേഷനിലും ബ്രൗൺഷുഗർ കണ്ടെത്തിയതിന് പുളിക്കീഴ് പൊലീസ് സ്റ്റേഷനിലുമാണ് ഓരോ കേസുകൾ രജിസ്റ്റർ ചെയ്തത്.
ഈ വർഷം ഇതുവരെ ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ആകെ പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് 16.364 കിലോയാണ്. ഹഷീഷ് ഓയിൽ ആറു ഗ്രാം, എം.ഡി.എം.എ 0.017 ഗ്രാം, ബ്രൗൺ ഷുഗർ 1.01 ഗ്രാം എന്നിങ്ങനെയാണ് പിടിച്ചെടുത്ത മറ്റ് ലഹരി വസ്തുക്കളുടെ അളവ്.
നിരോധിത പുകയില ഉൽപന്നങ്ങള്ക്കെതിരെ ശക്തമായ പരിശോധനയും ജില്ലയില്‍ പൊലീസ് നടത്തുന്നുണ്ട്. രഹസ്യവിവരങ്ങള്‍ക്ക് അനുസരിച്ച് ഡാന്‍സാഫ് സംഘവും പൊലീസ് സ്റ്റേഷനുകളും കൃത്യമായി പ്രവര്‍ത്തിച്ചു വരുകയാണ്. ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയില്‍ റെയില്‍വേ പൊലീസിന്റെ സഹകരണത്തോടെ കൃത്യമായ ഇടവേളകളില്‍ ഡോഗ് സ്ക്വാഡിനെയും മറ്റും ഉപയോഗിച്ച് പരിശോധന നടത്താറുണ്ട്. പ്രത്യേക ദിവസങ്ങളില്‍ പരിശോധനകളും നടത്തുന്നു.
രാസലഹരി ഉൽപന്നങ്ങള് ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ക്കെതിരായ പ്രത്യേക പരിശോധന ഓപറേഷന് ഡിഹണ്ട് എന്നപേരില്‍ ജില്ലയില്‍ തുടരുകയാണ്. ഫെബ്രുവരി 22ന് ആരംഭിച്ച പരിശോധനകളില്‍ ജില്ല ആന്റി നര്‍കോട്ടിക്സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ് ), ലോക്കല്‍ പൊലീസ് എന്നിവ ഒരുമിച്ചും അല്ലാതെയും പരിശോധനകൾ നടത്തി കുറ്റകൃത്യങ്ങള്‍ പിടികൂടുന്നു. ജില്ല പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് സംഘം, ലഹരിവസ്തുക്കളുടെ കടത്തും വിൽപനയുമായി ബന്ധപ്പെട്ട കുറ്റവാളികളെ നിരീക്ഷിച്ചു പിടികൂടുന്നതില്‍ അതീവജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നു.
കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ (കാപ്പ) പ്രകാരം കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളില്‍ 10 പേര്‍ക്കെതിരെ കഴിഞ്ഞവര്‍ഷം നിയമനടപടി കൈക്കൊണ്ടു. കാപ്പ നിയമത്തിലെ 3, 15 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നടപടിയെടുത്തത്.
സ്ഥിരമായി കഞ്ചാവ് കടത്തുന്നവരെ ഒരു വര്‍ഷംവരെ ജയിലില്‍ പാര്‍പ്പിക്കാമെന്ന നിയമവ്യവസ്ഥ (പിറ്റ് എന്‍.ഡി.പി.എസ്) അനുസരിച്ച് 2024 ല്‍ ഒരാളെ ജയിലിലില്‍ അടക്കുകയും ചെയ്തു. ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് ജില്ല പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ പറഞ്ഞു.
ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാൻ ശക്തമായ ബഹുമുഖനടപടികൾ തുടരുകയാണ് ജില്ലയിലെ പൊലീസ്. ഒറ്റക്കും എക്സൈസുമായി ചേർന്നുമുള്ള പരിശോധന തുടരുമ്പോഴും ബോധവത്കരണം, കൗൺസലിങ് തുടങ്ങിയ സേവനങ്ങളും ജില്ല പൊലീസ് ലഭ്യമാക്കി വരുന്നു.
ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപനയും വർധിക്കുന്നു എന്നതിന് തെളിവാണ് കേസുകളിലുണ്ടാവുന്ന കുതിച്ചുകയറ്റം.
സ്റ്റുഡന്റ് പൊലീസ് കാഡറ്റ്സ്, സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്, പി.ടി.എ തുടങ്ങിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ലഹരി ഉപയോഗത്തിനെതിരെ പ്രത്യേക നിരീക്ഷണം പൊലീസ് നടത്തുന്നു. സ്ഥിരമായി ക്ലാസുകളില്‍ കയറാതെ കറങ്ങി നടക്കുന്ന വിദ്യാർഥികളെ കണ്ടെത്തുന്നതിന് വേണ്ട നടപടി ചെയ്തുവരുന്നു. ജില്ലയിലെ 36 സ്കൂളുകളില്‍ എസ്.പി.സിയും, 284 സ്കൂളുകളില്‍ എസ്.പി.ജിയും പ്രവര്‍ത്തിക്കുന്നു.
ലഹരിക്കെതിരായ ബോധവത്കരണ ക്ലാസുകള്‍ പൊലീസിന്റെ നേതൃത്വത്തില്‍ നിരന്തരം നല്കിവരുന്നു. കഴിഞ്ഞവർഷം എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ 204 ക്ലാസുകൾ നൽകിയപ്പോൾ, എസ്.പി.ജിയുടെ ആഭിമുഖ്യത്തിൽ 190 ക്ലാസുകളും കുട്ടികൾക്കായി നടത്തി. എസ്.പി.സി പ്രവർത്തിക്കുന്ന സ്കൂളുകളിലെ 72 അധ്യാപകർക്ക് ലഹരിയുമായി ബന്ധപ്പെട്ട് പരിശീലനക്ലാസുകൾ നൽകി.
എസ്.പി.സി ഇല്ലാത്ത സ്കൂളുകളിലെ 390 അധ്യാപകർക്കും പരിശീലനം നൽകി. ലഹരിയുമായി ബന്ധപ്പെട്ടവരുടെ പ്രധാന ഇരകളായി മാറുന്നതില്‍നിന്ന് കുട്ടികളെയും യുവാക്കളെയും രക്ഷിക്കുന്നതിന് ആവശ്യമായ ബോധവത്കരണും കൗണ്‍സലിങ്ങും ജില്ലയില്‍ പൊലീസ് ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട നിയമപ്രകാരം (എന്‍.ഡി.പി.എസ്) ഈവര്‍ഷം ഇതേവരെ ജില്ലയില്‍ 215 കേസിലായി 229 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ കഞ്ചാവ് വിൽപനക്കായി കൈവശം സൂക്ഷിച്ചതിന് 33 കേസിലായി 44 പ്രതികളെ പിടികൂടി.
കഞ്ചാവ് വലിച്ചതിന് 179 കേസും ബ്രൗണ്‍ഷുഗര്‍, ഹഷീഷ് ഓയില്‍, എം.ഡി.എം.എ എന്നിവ പിടികൂടിയതിന് ഓരോ കേസുകളും രജിസ്റ്റര്‍ ചെയ്തു. കഞ്ചാവ് ഉപയോഗിച്ചതിന് 180 പേരെയും ബ്രൗണ്‍ഷുഗര്‍, ഹഷീഷ് ഓയില്‍, എം.ഡി.എം.എ തുടങ്ങി രാസലഹരിയുമായി ബന്ധപ്പെട്ട് അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.
ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയുന്നതിലേക്ക് പൊലീസിന്റെ കര്‍ശന നടപടിയുടെ ഭാഗമായി ഫെബ്രുവരി 22ന് ആരംഭിച്ച ഡി ഹണ്ട് പരിശോധനയില്‍ ഈ മാസം 14 വരെ മൂന്നാഴ്ചക്കിടെ 143 കേസിലായി 147 പേര് അറസ്റ്റിലായി. ഇതില്‍ 123 കേസും കഞ്ചാവ് ബീഡി ഉപയോഗിച്ചതിനാണ്. കഞ്ചാവും എം.ഡി.എം.എയും വിൽപനക്ക് കൈവശം സൂക്ഷിച്ചതിന് 20 കേസും രജിസ്റ്റര്‍ ചെയ്തു.
പൊതുജനങ്ങള്‍ക്ക് ഏതുസമയവും 112 എന്ന ടോള്‍ ഫ്രീനമ്പറില്‍ ലഹരിവസ്തുക്കളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ഏത് വിവരങ്ങളും കൈമാറുന്നതിന് പൊലീസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9995966666 എന്ന വാട്സ്ആപ് നമ്പറിലും രഹസ്യവിവരങ്ങള്‍ കൈമാറാം. കൃത്യമായ സ്ഥലം, വിലാസം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. അറിയിക്കുന്ന ആളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.