അച്ചൻകോവിൽ നദി-കോന്നി കല്ലേലിഭാഗം
പത്തനംതിട്ട: സംസ്ഥാനത്ത് സാൻഡ് ഓഡിറ്റിങ് പൂർത്തീകരിച്ച് മണൽവാരലിന് അനുമതി നൽകാവുന്ന നദികളുടെ കൂട്ടത്തിൽ ജില്ലയിലെ പമ്പ, അച്ചൻകോവിൽ, മണിമല നദികളും. 36 നദികളിലാണ് സാൻഡ് ഓഡിറ്റിങ് നടത്തിയത്. ഇതിൽ ജില്ലയിലെ മൂന്ന് നദികളിലെയും ഓഡിറ്റ് സർക്കാർ അംഗീകരിച്ചു. ഓഡിറ്റിങ് നടന്ന 16 നദികളിൽ മണൽ ലഭ്യത ഒട്ടും ഇല്ല. അതിനാൽ മണൽ വാരൽ നിരോധനം അവിടെ തുടരും. എന്നാൽ, ഇവയെല്ലാം ചെറിയ നദികളാണ്. വൻനദികളെയാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്.
സി.എസ്.ഐ.ആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.ടി) റിപ്പോർട്ട് പ്രകാരം ഇപ്പോൾ എട്ട് ജില്ലയിലായി 14 നദികളിൽ മാത്രമാണ് ഖനന സാധ്യതയുള്ള സൈറ്റ് കണ്ടെത്തിയിട്ടുള്ളതെങ്കിലും വൈകാതെ 33 നദികളിലും ഖനനം ആരംഭിക്കുമെന്നാണ് സൂചന.
പമ്പയിൽ 54.92 ലക്ഷം ക്യുബിക് മീറ്റർ മണൽ
പമ്പാനദിയിൽ മാത്രം 54.92 ലക്ഷം ക്യൂബിക് മീറ്റർ മണലാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 6.86 ലക്ഷം ക്യൂബിക് മീറ്റർ മണൽ കടത്താൻ ലക്ഷ്യമിടുന്നു. അച്ചൻകോവിലാറ്റിൽ 9.42 ലക്ഷം ക്യൂബിക് മീറ്റർ മണലിൽ 0.30 ലക്ഷം ക്യുബിക് മീറ്റർ മണലും മണിമലയിലുള്ള 6.22 ലക്ഷം ക്യൂബിക് മീറ്റർ മണലിൽനിന്ന് 4.42 ലക്ഷം ക്യുബിക് മീറ്റർ മണലും കടത്താനാണ് ഉദ്ദേശ്യം.
ഭാരതപ്പുഴയിലാണ് ഏറ്റവും അധികം മണൽ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. 211.11 ലക്ഷം ക്യുബിക് മീറ്റർ മണലിൽനിന്ന് 99.01 ലക്ഷം ക്യുബിക് മീറ്റർ മണലും വാരാമെന്നാണ് വിദഗ്ധ ഉപദേശം. കേരളത്തിലെ നദികളിൽനിന്ന് മണൽ വാരലിലൂടെ 200 കോടിവില വരുന്ന മണൽ കടത്താനാണ് സർക്കാർ ലക്ഷ്യം.
മണൽവാരി മെലിഞ്ഞ നദി
പമ്പയുടെയും പോഷക നദികളുടെയും അവസ്ഥ നിലവിൽ ദയനീയമാണ്. മണൽവാരലാണ് ഒരുകാലത്ത് ഈ നദികളെ തളർത്തിയത്. 2006 മുതൽ മണൽവാരൽ പൂർണമായി ഇല്ലാതായതാണ്. നേരത്തേ നിയന്ത്രിത അളവിലാണ് മണൽവാരൽ അനുവദിച്ചിരുന്നതെങ്കിലും നിയന്ത്രണം മറികടന്ന് മണൽ കടത്തിയിരുന്നു. മണൽവാരലിനെ തുടർന്ന് നദികളുടെ അടിത്തട്ട് ക്രമാതീതമായി താഴ്ന്നു.
മണൽ ഖനനം മൂലം ആറ് മീറ്ററിലധികമാണ് പമ്പാ നദിയുടെ അടിത്തട്ട് താഴ്ന്നത്. പമ്പാനദിയിൽ ആറന്മുള, ഇടയാറന്മുള, മാലക്കര, ആറാട്ടുപ്പഴ, പാണ്ടനാട്, മാന്നാർ മേഖലകൾ വേമ്പനാട്ടുകായലിനെക്കാൾ താഴ്ന്നതായാണ് സെൻട്രൽ വാട്ടർ കമീഷന്റെ പഠനം സൂചിപ്പിക്കുന്നത്. ഇതോടെ ഉപ്പുവെള്ളം നദിയിലേക്ക് കലരുന്നുണ്ട്. വേനൽക്കാലത്ത് വേമ്പനാട്ടുകായലിൽനിന്ന് ഉപ്പുരസം കലർന്ന ഓരുവെള്ളം 60 കിലോമീറ്റർ കിഴക്ക് ആറന്മുളവരെ എത്തുമെന്നാണ് പമ്പാ പരിരക്ഷണ സമിതിയുടെ പഠനം സൂചിപ്പിക്കുന്നത്.
അടിത്തട്ട് താഴ്ന്നതിനാൽ നദീതീരത്തെ കിണറുകളിൽ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. ജല അതോറിറ്റിയുടെ പമ്പ് ഹൗസുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് നദീമധ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അരിക്കൽ അറ (ഫിൽറ്ററൈസേഷൻ ചേംബർ) ഇപ്പോൾ ജലനിരപ്പിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. അരിക്കൽ പ്രക്രിയ നടക്കാത്തതിനാൽ ജലം ശുദ്ധീകരിക്കാൻ കഴിയില്ലെന്ന് സാരം. ഇത്തരത്തിൽ 50ൽപരം അരിക്കൽ അറകൾ പമ്പാനദിയിലുണ്ട്.
മുമ്പൊക്കെ ജലനിരപ്പ് താഴുന്നതോടെ വിശാലമായ മണൽപുറങ്ങൾ പ്രത്യക്ഷപ്പെടുമായിരുന്നു. ഉത്സവങ്ങൾ, കൺവൻഷനുകൾ, കളിക്കളങ്ങൾ, വാണിഭങ്ങൾ എന്നിവയെല്ലം ഈ മണൽ പുറത്ത് നടന്നിരുന്നു. എന്നാൽ, അതിരൂക്ഷമായ ഖനനം ഈ മണൽപുറങ്ങൾ എല്ലാം അപ്രത്യക്ഷമാക്കി.മാരാമണ്ണിൽ എക്കൽ അടിഞ്ഞ് കരഭൂമിയും പുറ്റുകളും കാടുകളും നിറഞ്ഞുകിടക്കുകയാണ്. ആറന്മുള വാട്ടർ സ്റ്റേഡിയത്തിനുവേണ്ടി ഡ്രഡ്ജർ ഉപയോഗിച്ച് മണൽ നീക്കിയതു കാരണം ഇവിടെയും മണൽതിട്ട ഇല്ലാതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.