നാരങ്ങാനം: കാർഷിക സംസ്കാരം തിരിച്ചുപിടിക്കുന്ന നാരങ്ങാനത്തെ കർഷക വിപണി നാടിന് ആവേശമായി മാറുന്നു. നാരങ്ങാനം ആലുങ്കലിൽ പ്രവർത്തിക്കുന്ന കർഷകവിപണി തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടാവുകയാണ്. ഞായറാഴ്ചകളിൽ ഉച്ചക്ക് 12 മുതലാണ് വിപണി ആരംഭിക്കുന്നത്. കൊടുക്കൽ വാങ്ങലുകളുടെ സുതാര്യതയാണ് പ്രധാന പ്രത്യേകത.
വിളവെടുക്കുന്നവനും വാങ്ങുന്നവനും തമ്മിലുള്ള സൗഹൃദവും എടുത്ത് പറയേണ്ടതാണ്. നാരങ്ങാനത്തെ മണ്ണിൽ വളർന്ന പഴം- പച്ചക്കറി, കിഴങ്ങ് വർഗങ്ങളാണ് കൂടുതലും വിൽപനക്ക് എത്തുന്നത്. ഞായറാഴ്ചകളിൽ കർഷകർ അവരുടെ വിളകളുമായി ഇവിടെയെത്തും.
സമീപ പഞ്ചായത്തുകളായ ചെറുകോൽ, കോഴഞ്ചേരി, ഇലന്തൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം കർഷകർ സാധനങ്ങളുമായി എത്താറുണ്ട്. ഇടനിലക്കാരില്ലാതെ ആർക്കുമത് വാങ്ങാം. വിലയിടുന്നത് വാങ്ങുന്നവർ തന്നെയാണ്. സ്വാശ്രയ കർഷക സമിതിയുടെ മേൽനോട്ടത്തിലാണ് ഇത് നടത്തുന്നത്. വെജിറ്റബിൾ ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ (വി.എഫ്.പി.സി.കെ) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ കർഷക സമിതികളിൽ ഒന്നാണിത്. ജില്ലയിൽ മൊത്തം 12 വിപണികളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്.
വർഷം 85 ലക്ഷം രൂപയുടെ വിൽപന നടക്കുന്നുണ്ട്. കർഷകവിപണിയിൽ 80 അംഗങ്ങളുണ്ട്. അംഗങ്ങൾ അല്ലാത്തവർക്കും സാധനങ്ങൾ വിൽപന നടത്താം. അംഗങ്ങൾക്ക് ഓണക്കാലത്ത് ബോണസും നൽകി വരുന്നുണ്ട്. കാർഷിക ഉപകരണങ്ങൾ സബ്സിഡി നിരക്കിലും വിതരണം ചെയ്യുന്നുണ്ട്. സമിതിയുടെ പ്രസിഡന്റ് എം.ജി. ഫിലിപ്പോസാണ്. ലേലം വിളിക്ക് നേതൃത്വം നൽകുന്നത് ജോസ്, മഹേഷ്കുമാർ എന്നിവരുമാണ്.
കർഷകർ കൊണ്ടുവരുന്ന ഉൽപ്പന്നങ്ങൾ ഓരോന്നിന്റെയും തൂക്കവും എണ്ണവും രേഖപ്പെടുത്തി നിരത്തി വെക്കും. ഓരോ ഉൽപ്പന്നങ്ങളിലും കർഷകന്റെ പേരും വിളകളുടെ തൂക്കവും രേഖപ്പെടുത്തും. ലേലം വിളിക്കുന്നവർ 500 രൂപ അഡ്വാൻസ് അടച്ച് ലേല ചീട്ട്വാങ്ങണം.
വിളകൾ എത്തിക്കുന്നത് നാട്ടിലെ കർഷകരാണെങ്കിലും വാങ്ങാൻ എത്തുന്നവരിൽ ദൂരെ നാട്ടിൽ നിന്നുള്ളവരുമുണ്ട്. ഏത്തക്കുല, പാളയൻ, കദളി, ഞാലിപ്പൂവൻ, ചേന, കാച്ചിൽ, ചേമ്പ്, വിവിധ ഇനം പച്ചക്കറികൾ, തേൻ, മുട്ട, പുളി, കുമ്പളങ്ങ, മഞ്ഞൾ, ഇഞ്ചി, കുരുമുളക് തുടങ്ങി എല്ലാം ഇവിടെ കിട്ടും. ഓരോ ഇനവും തിരിച്ച് ‘തരം’ പറഞ്ഞാണ് വിളി. വിളകൾ വാങ്ങാനെത്തുന്നവർ അവർക്ക് യോജ്യമായ വില ഏറ്റുവിളിക്കും. അതിന് മുകളിൽ വിളി വരും. ലേലം വിളി മുറുകിയാൽ വില മുകളിലേക്ക് പോകും.
അവസാനമെത്തി നിൽക്കുന്ന വിളിത്തുകയുടെ പുറത്ത് മറ്റാർക്കും വിളിക്കാനില്ലാതെ വരുമ്പോൾ ലേലം ഉറപ്പിക്കും. ആ വില വാങ്ങി കർഷക സമിതി കൃഷിക്കാരന് നൽകും.
ഇടനിലക്കാരില്ലാത്തിനാൽ ന്യായമായ വില കർഷകന് ലഭിക്കും. സദ്യ സീസൺ തുടങ്ങിയാൽ പിന്നെ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ വലിയ തിരക്കാണ്. ആറൻമുള വള്ളസദ്യക്ക് ആവശ്യമായ മിക്ക സാധനങ്ങളും ഇവിടെ നിന്നാണ് വാങ്ങുന്നത്. നാരങ്ങാനം, കടമ്മനിട്ട എന്നീ രണ്ട് കരകളുള്ള വിസ്തൃതമായ നാരങ്ങാനം പഞ്ചായത്തില്‍ റബര്‍ ഉള്‍പ്പെടെയുള്ള കൃഷിയാണുള്ളത്. പ്രതിവര്‍ഷം ശരാശരി 40 കോടി രൂപയുടെ കാര്‍ഷിക വിളകള്‍ പഞ്ചായത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ചിരുന്നു. എന്നാൽ കാട്ടുപന്നി ശല്യം കാരണം കൃഷി കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.