വിദ്യാർഥികൾക്ക് സദാചാര ഗുണ്ടാ ആക്രമണം; പ്രതികൾക്കെതിരെ ചുമത്തിയത് നിസാര വകുപ്പ്

കോഴഞ്ചേരി: വാഴക്കുന്നത്ത് മൂന്ന് ആൺകുട്ടികൾ സദാചാര ഗുണ്ടാ ആക്രമണത്തിന് വിധേയമായ സംഭവത്തിൽ അറസ്റ്റിലായ മഹിളാ മോർച്ച നേതാവായ സ്ത്രീ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ നിസാര വകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ട് ആറന്മുള പൊലീസ്. പമ്പാനദിക്ക് കുറുകെയുള്ള പാലത്തിൽ സുഹൃത്തുക്കളായ പെൺകുട്ടികൾക്കൊപ്പം സംസാരിച്ചുനിന്ന ആൺകുട്ടികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ കോൺഗ്രസ് - ഇടത് വിദ്യാർഥി യുവജന സംഘടനകൾ വൻ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നു.

പ്രതികളായ അയിരൂർ കൈതക്കോടി പുതിയകാവ് കീമഠത്തിൽ വീട്ടിൽ സുജിത് കുമാർ (43), ഇയാളുടെ ഭാര്യയും മഹിളാ മോർച്ച അയിരൂർ മണ്ഡലം സെക്രട്ടറി അനുപമ സുജിത് (37), അനുപമയുടെ സഹോദരൻ തെള്ളിയൂർ പുതുക്കൊള്ളിൽ വീട്ടിൽ അനു പി. ചന്ദ്രൻ (43) എന്നിവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിദ്യാർഥികളെ പമ്പാനദിയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും തലയിൽ അടിക്കുകയും തുടങ്ങി ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടും വധശ്രമം ഉൾപ്പെടെ വകുപ്പുകളിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

ബി.ജെ.പി സ്വാധീനത്തിൽ പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി അയക്കുമെന്നും ഇവർ പറഞ്ഞു. കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ വിദ്യാർഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് ഇവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ചെറേകോൽ പഞ്ചായത്തിലെ വാഴക്കുന്നം അക്വഡേറ്റ് പാലത്തിൽ ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടന്ന സംഭവം വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വിവരങ്ങൾ നവമാധ്യമങ്ങൾ വഴി വിദ്യാർഥികൾ തന്നെയാണ് പുറത്തുവിട്ടത്.

ഇതിനിടെ സംഭവം നടന്ന സമയവും സ്ഥലവും ദിവസവും എഫ്.ഐ.ആറിൽ തിരുത്തിയതായും ആരോപണം ഉയരുന്നുണ്ട്. കാറിൽ എത്തിയ മഹിളാ മോർച്ച നേതാവ് അനുപമയുടെ നേതൃത്വത്തിലാണ് കുട്ടികളെ മർദ്ദിച്ചത്. പെൺകുട്ടികളോട് സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. അനുവാണ് ആദ്യം വിദ്യാർഥിയെ മർദിച്ചത്. താഴെ വീണിട്ടും മൂവരും ചേർന്ന് മർദനം തുടർന്നു. പൊലീസ് ഇൻസ്‌പെക്ടർ സി.കെ മനോജിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ രാജേഷ് കുമാർ, അനിരുദ്ധൻ, എ.എസ്.ഐ സജീഫ് ഖാൻ, സി.പി. ഓമാരായ അഖിൽ, സുജിത് എന്നിവരാണ് ഉള്ളത്. ഇതിനിടെ സുജിത് കുമാറും ഭാര്യയും വിദ്യാർഥികൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.

Tags:    
News Summary - moral goonda attack on students; frivolous charge filed against the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.