കോഴഞ്ചേരി: ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനിടെ ആറന്മുള സർവിസ് സഹകരണ ബാങ്ക് ഭരണം നിലനിർത്തിയത് യു.ഡി.എഫിന് വലിയ ആശ്വാസം. 13 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് നാലും സീറ്റ് ലഭിച്ചു. മത്സര രംഗത്തുണ്ടായിരുന്ന ബി.ജെ.പി മുന്നണി ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ ബഹളം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് കളംവിട്ടു. ഭരണ സംവിധാനങ്ങള്‍ മൊത്തം അണിനിരത്തി സഹകരണ ബാങ്ക് ഭരണം പിടിക്കുന്ന സി.പി.എം നീക്കത്തിനിടെയാണ് യു.ഡി.എഫിനുണ്ടായ വിജയം.
വർഷങ്ങളായി യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ബാങ്ക് തിരികെ പിടിക്കാൻ എൽ.ഡി.എഫിന്റെ ഭാഗത്തുനിന്ന് ശക്തമായ ശ്രമം ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം കള്ളവോട്ട് ആരോപണം ഉന്നയിച്ചു തുടങ്ങിയിരുന്നു. ഉച്ചയോടെ ആരോപണം സംഘര്‍ഷത്തിന്റെ വക്കോളമെത്തിയത് പൊലീസിന്റെ ലാത്തിവീശലിലാണ് കലാശിച്ചത്.
യു.ഡി.എഫ് പ്രവർത്തകനായ സുനീത് ഷിഹാജിന് മർദനവുമേറ്റു. യു.ഡി.എഫ് പ്രവർത്തകർ വാഹനങ്ങളില്‍ വ്യാജ വോട്ടര്‍മാരെ എത്തിക്കുന്നെന്ന് ആരോപിച്ച് എല്‍.ഡി.എഫ് റോഡ് ഉപരോധിച്ചു. എന്നാല്‍, റോഡില്‍ കുത്തിയിരുന്നവരോട് കര്‍ശനമായ നിലപാട് എടുക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതോടെ ഇവർ പിൻവാങ്ങി. ഇടക്കിടെ തർക്കവും സംഘർഷവും നിറഞ്ഞ അന്തരീക്ഷത്തിലാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്.
യു.ഡി.എഫ് നേതൃത്വത്തിൽ കിടങ്ങന്നൂരിൽ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. ബാങ്ക് മുൻ പ്രസിഡന്റ് വി.ആർ. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, വിനീത അനിൽ എന്നിവർ സംസാരിച്ചു. ഇടതു മുന്നണിയും പ്രകടനം നടത്തി.
ഇരു മുന്നണികൾക്കും എതിരെ വ്യാജ തിരിച്ചറിയൽ കാർഡും കള്ളവോട്ടും ആരോപിച്ച് ബി.ജെ.പി നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണി പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം ആറന്മുള മണ്ഡലം പ്രസിഡന്റ് ദീപ ജി. നായർ ഉദ്ഘാടനം ചെയ്തു.
വിജയികൾ: പി.എം. ജേക്കബ്, ജേക്കബ് സ്കറിയ, തോമസ് ഫിലിപ്, ജി. പ്രദീപ്, ഷാജൻ തോമസ്, രമ സുരേന്ദ്രൻ, ലീന പ്രഭാകരൻ, പി.എം. ശിവൻ, കെ. ശിവപ്രസാദ് (യു.ഡി.എഫ്). എസ്. ബാലകൃഷ്ണൻ നായർ, ചന്ദ്രബാബു, കെ.ബി. അരുൺ, അർച്ചന മനീഷ് (എൽ.ഡി.എഫ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.