പന്തളം: കാട്ടുപന്നി ശല്യം രൂക്ഷമായപ്പോൾ കർഷകർക്കൊപ്പം ദുരിതത്തിലായി വഴിയാത്രക്കാരും. സന്ധ്യയാകുന്നതോടെ പന്നിക്കൂട്ടത്തെ പേടിച്ചു വഴി നടക്കാൻപോലും പറ്റാത്ത അവസ്ഥയിലാണ്.
കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളിലും പന്തളം നഗരസഭ പരിധിയിലും ജാഗ്രത സമിതി പോലും വിളിച്ചു ചേർക്കാൻ അധികാരികൾ തയാറായിട്ടില്ലെന്നാണ് കർഷകരുടെ പരാതി. വനത്തിൽ കടുവയടക്കമുള്ള മൃഗങ്ങൾ വർധിച്ചതാകാം പന്നികൾ കൂട്ടത്തോടെ നാട്ടിൻപുറങ്ങളിൽ തമ്പടിക്കാൻ കാരണമെന്ന് കർഷകർ പറയുന്നു.
കൂട്ടത്തോടെയെത്തുന്നവ കപ്പ, ചേന, ചേമ്പ്. വാഴ, കാച്ചിൽ, പച്ചക്കറികൾ എന്നിവ നശിപ്പിക്കുന്നതിനു പുറമെ വളർത്തുമൃഗങ്ങൾക്കും ശല്യമാകുന്നുണ്ട്. കൂടാതെ പുലർച്ച ടാപ്പിങ്, പത്രവിതരണം, പാൽ എന്നിവക്കായി പോകുന്നവരും ഇവയുടെ ശല്യം മൂലം ബുദ്ധിമുട്ടുകയാണ്. ആളെ കണ്ടാൽപോലും മാറാതെ കുഞ്ഞുങ്ങളുമായി റോഡിൽ തമ്പടിക്കുന്ന പന്നിക്കൂട്ടവുമുണ്ട്.
മുറ്റത്തു കൂട്ടിയിട്ടിരുന്ന തേങ്ങ അകത്താക്കുന്നതും സ്ഥിരം പരിപാടിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പന്തളം കടക്കാട് വടക്ക് ഭാഗത്ത് കാട്ടുപന്നികൾ വ്യാപകമായി കപ്പകൃഷി വലിയതോതിൽ നശിപ്പിച്ചു. ഇപ്പോൾ തെങ്ങും തൈകൾ, എത്തവാഴ, മറ്റു വാഴകൾ, ചേമ്പ്, മറ്റു കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്.
അധികൃതരുടെ മുന്നിൽ പലതവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് കർഷകർ പറയുന്നു.കൃഷി നശിപ്പിക്കുന്ന പന്നിയെ വെടിക്കാൻ കരാർ നൽകിയിട്ടുള്ള ഷൂട്ടറെ കടക്കാട് ഭാഗത്തേക്ക് എത്തിക്കാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് വാർഡ് കൗൺസിലർ കെ.ആർ. രവി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.