റാന്നി: കോവിഡ് ബാധിതരുടെ കുടുംബങ്ങളിലെ വളർത്തുമൃഗങ്ങൾക്ക് ദുരിതകാലം. ഇവയെ സംരക്ഷിക്കാതെ കൈയൊഴിയുകയാണ് മൃഗസംരക്ഷണ വകുപ്പെന്ന് പരാതി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയും മൃഗങ്ങളിലേക്ക് രോഗം പടരാമെന്നുമിരിക്കെ കോവിഡ് പോസിറ്റിവായി ആരോഗ്യ കേന്ദ്രങ്ങളിലും വീടുകളിലും ക്വാറൻറീനിൽ കഴിയുന്നവരുടെ വീടുകളിലുള്ള കറവപ്പശുക്കളടക്കമുള്ള വളർത്തുമൃഗങ്ങളാണ് ആഹാരവും വെള്ളവുമില്ലാതെ വലയുന്നത്.
പലരുടെയും പ്രധാന ജീവനോപാധിയാണ് കറവപ്പശുക്കൾ. ഇവയെ കറക്കാനും പാൽ വിൽപനകേന്ദ്രങ്ങളിലെത്തിക്കാനും സാധിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം എഴുമറ്റൂർ സ്വദേശി കോവിഡ് പോസിറ്റിവായി കുടുംബത്തിലെ അംഗങ്ങൾ വീട്ടിൽ ക്വാറൻറീനിലായതിനെത്തുടർന്ന് ഇവരുടെ കറവപ്പശുക്കളെ സംരക്ഷിക്കാനോ കറവയെടുക്കാനോ ആരുമില്ലാത്ത സാഹചര്യത്തിൽ സേവാഭാരതി പ്രവർത്തകർ കന്നുകാലികളെ പുല്ലാട് അമൃതധാര ഗോശാലയിലേക്ക് മാറ്റിയിരുന്നു.
കോട്ടാങ്ങൽ, കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളിൽനിന്ന് ഇതിനകം ഇരുപത്തഞ്ചോളം പശുക്കളെയാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ ഗോശാലകളിലെത്തിച്ചിരിക്കുന്നത്. അജയകുമാർ വല്യുഴത്തിലിെൻറ ഉടമസ്ഥതയിലുള്ള ഈ ഗോശാല പശുകളുടെ സംരക്ഷണം സൗജന്യമായി ഏറ്റെടുത്തു. ക്വാറൻറീൻ അവസാനിക്കുന്നമുറക്ക് ഇവയെ മടക്കി ഉടമസ്ഥർക്ക് നൽകും. ഇത്തരം ഘട്ടങ്ങളിൽ സഹായകരമായി സർക്കാർ സംവിധാനം പഞ്ചായത്ത്തലത്തിൽ ഉണ്ടെങ്കിൽ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആലപ്പുഴയിലെ ചില പഞ്ചായത്തുകൾ ഇതിനകം ഇത്തരം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.