പത്തനംതിട്ട: അഞ്ചുവർഷത്തോളം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന് ജില്ല കമ്മിറ്റി പ്രസ്തവനയിൽ ആവശ്യപ്പെട്ടു.
അതിജീവിതക്ക് നീതി ഉറപ്പാക്കണം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച സംസ്ഥാന സർക്കാറിനെ മഹിള അസോസിയേഷൻ അഭിനന്ദിച്ചു. സ്ത്രീകളെ അപമാനിച്ചാൽ കർശന നടപടിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു.
കുട്ടികൾക്കും സ്ത്രീകൾക്കും ശിശു സംരക്ഷണ സമിതിയുടെ സഹായത്തോടെ എല്ല യൂനിറ്റുകളിലും ബോധവത്കരണ ക്ലാസ് അസോസിയേഷന് നടത്തുമെന്നും ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പത്തനംതിട്ട: വിദ്യാർഥിനിയെ പീഡനത്തിന് ഇരയാക്കിയ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി 2019 മുതൽ നിരവധി പേർ പീഡനത്തിന് ഇരയാക്കിയെന്ന വെളിപ്പെടുത്തിയ സാഹചര്യത്തിൽ സമഗ്ര അന്വേഷണം നടത്തണം. വിദ്യാർഥിനിയുടെ നഗ്നചിത്രവും വിഡിയോയും പകർത്തി ഭീഷണിപ്പെടുത്തി നിരവധി പേർക്ക് പീഡനത്തിന് അവസരമുണ്ടാക്കികൊടുത്തത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന വകുപ്പും ചുമത്തണം. സംഭവത്തിൽ പട്ടികവിഭാഗ സംഘടനകളെ സംഘടിപ്പിച്ച് സമര പരിപാടികൾക്ക് രൂപംനൽകുമെന്നും അദ്ദേഹം അറിയിച്ചു.
പത്തനംതിട്ട: വിവിധ സ്ഥലങ്ങളിൽ അതിക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പെൺകുട്ടിയുടെ ജീവിത സുരക്ഷ ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ ഇടപെടണമെന്ന് പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവത്തിൽ ജില്ല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പൊലീസിന്റെ ഇതുവരെയുള്ള അന്വേഷണം ശ്ലാഘനീയമാണ്. അന്വേഷണത്തിലൂടെ മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ കൊണ്ടുവരുകയും പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണം. പീഡനത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നൽകുകയും കുടുംബത്തെ പൂർണമായും സർക്കാർ ഏറ്റെടുക്കുകയും ചെയ്യണം. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിക്കണമെന്നും പി.കെ.എസ് ജില്ല പ്രസിഡന്റ് കെ.എം. ഗോപിയും സെക്രട്ടറി സി.എൻ. രാജേഷും വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.