ചാലക്കുടി: മേലൂർ ഗ്രാമപഞ്ചായത്തിലെ വികസനത്തിന് വിലങ്ങുതടിയായി ചാലക്കുടി എം.എൽ.എ നിൽക്കുന്നുവെന്ന് ആരോപിച്ച് സി.പി.എം മേലൂർ സൗത്ത്, നോർത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംഘർഷാവസ്ഥ. സമരത്തിൽ പങ്കെടുത്ത പൂലാനി സ്വദേശിയുടെ കാലിൽ കാർ കയറിയിറങ്ങിയതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉണ്ടായത്.
ആൾക്കൂട്ടത്തിലേക്ക് പൊലീസ് വാഹനങ്ങളെ കടത്തിവിട്ടെന്ന് ആരോപിച്ച് സമരക്കാർ പൊലീസിനെതിരെ തിരിഞ്ഞു. പൊലീസിനെതിരെ മുദ്രാവാക്യം വിളിയും ബഹളവുമായി. നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. പരിക്കേറ്റ പൂലാനി മൂലംപറമ്പിൽ ഉണ്ണിച്ചെക്കനെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മേലൂർ പഞ്ചായത്തിലെ മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിന്റെ നിർമാണം നിലച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ എൽ.ഡി.എഫും സി.പി.എമ്മും ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. സാധാരണ ഇത്തരം ജാഥകൾ സൗത്ത് ഫ്ലൈ ഓവറിന് താഴെ പൊലീസ് തടയാറുണ്ട്.
എന്നാൽ, തിങ്കളാഴ്ച സി.പി.എമ്മിന്റെ ജാഥ ഇവിടവും കഴിഞ്ഞ് എം.എൽ.എ ഓഫിസിന് മുന്നിൽ കെ.എസ്.ആർ.ടി.സി റോഡിൽ എത്തിയപ്പോഴാണ് തടഞ്ഞത്. ഇവിടെ റോഡിൽ ഡിവൈഡർ ഉണ്ട്.
റോഡിന്റെ ഇടതുവശത്ത് പ്രതിഷേധക്കാർ അണിനിരന്നപ്പോൾ ഒരു വശത്തുള്ള ഗതാഗതം മുടങ്ങി. തുടർന്ന് പൊലീസ് ഇവർക്കിടയിലൂടെ വാഹനങ്ങൾ കടത്തിവിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സി.പി.എം ചാലക്കുടി ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകൻ മാർച്ച് ഉദ്ഘാടനം ചെയ്തു. മേലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത അധ്യക്ഷത വഹിച്ചു. എം.എം. രമേശൻ, പി.പി. ബാബു, ബിബിൻ രാജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.