ചാലക്കുടി: ഇൻഡോർ സ്റ്റേഡിയം സ്ഥലമെടുപ്പ് ബാധ്യതയിൽ എൽ.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് എത്ര കോടി അടച്ചെന്നും യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് എത്ര അടച്ചെന്നുമുള്ള വിഷയത്തിൽ ചാലക്കുടി നഗരസഭ യോഗത്തിൽ ഉടലെടുത്ത പ്രതിപക്ഷ, ഭരണപക്ഷ തർക്കം ഒടുവിൽ ബഹളത്തിൽ കലാശിച്ചു. നഗരസഭക്കെതിരെ ജപ്തി നടപടിയെന്നത് പ്രചാരണം മാത്രമാണെന്ന് നഗരസഭ ചെയർമാൻ എബി ജോർജ് വ്യക്തമാക്കി. ഇൻഡോർ സ്റ്റേഡിയത്തിന് സ്ഥലമെടുത്ത വകയിൽ സ്ഥല ഉടമകൾക്ക് കൊടുക്കാനുള്ള തുക നൽകാതെ തുടരാനാവില്ലെന്ന് കലക്ടറേറ്റിൽനിന്ന് അറിയിപ്പ് മാത്രമാണ് വന്നത്. രണ്ട് സ്ഥലമുടമകൾക്കായി പലിശയുൾപ്പെടെ 25 കോടിയിലേറെ രൂപ നൽകാൻ കുറഞ്ഞ പലിശക്ക് ബാങ്ക് വായ്പ ലഭിക്കാനുള്ള നടപടി അവസാന ഘട്ടത്തിലാണെന്നും ഇക്കാര്യം കലക്ടറെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ചെയർമാൻ അറിയിച്ചു.
അടുത്ത മാസം ആറിന് കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിൽ വായ്പ ലഭ്യമാക്കി തുക അടക്കുകയോ വൈകുന്ന പക്ഷം നഗരസഭ ഫണ്ടിൽനിന്ന് ഒരു ഗഡു അടക്കുകയോ ചെയ്യുമെന്നും ചെയർമാൻ പറഞ്ഞു. വായ്പ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നഗരസഭക്കെതിരായ നടപടികൾ ഒഴിവാക്കണമെന്ന് എൽ.ഡി.എഫ് ലീഡർ സി.എസ്. സുരേഷ് പറഞ്ഞു. അതേസമയം, പൊതു ടാപ്പുകളുടെ വെള്ളക്കര കുടിശ്ശിക നൽകാത്തതിനാൽ നഗരസഭ മറ്റൊരു റവന്യൂ റിക്കവറി ഭീഷണിയിലാണ്. ഈ വിഷയം ചർച്ച ചെയ്യാനാണ് വ്യാഴാഴ്ച പ്രത്യേക നഗരസഭ യോഗം കൂടിയത്. വാട്ടർ അതോറിറ്റിക്കുള്ള ഈ കുടിശ്ശികയിൽ ഇളവ് അനുവദിക്കാനും റവന്യൂ റിക്കവറി നടപടികൾ ഒഴിവാക്കാനും സർക്കാറിനോട് ആവശ്യപ്പെടാൻ നഗരസഭ യോഗം തീരുമാനിച്ചു.
34.76 കോടി രൂപയാണ് 17 വർഷത്തെ കുടിശ്ശിക ഇനത്തിൽ ജല അതോറിറ്റിക്ക് നൽകാൻ ആവശ്യപ്പെട്ടത്. കുടിശ്ശിക തുക പൂർണമായും ഒഴിവാക്കണമെന്ന് മുൻ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ ആവശ്യം ജല അതോറിറ്റി നിരാകരിച്ചതിനെ തുടർന്നാണ് റവന്യൂ റിക്കവറി നടപടികളിലേക്ക് കടക്കുകയാണെന്ന അറയിപ്പ് നഗരസഭക്ക് ലഭിച്ചത്. നിലവിലുള്ള 600 പൊതു ടാപ്പുകൾ ഒഴിവാക്കുന്ന നടപടികൾ നഗരസഭയുടെ ആവശ്യപ്രകാരം ജല അതോറിറ്റി ഇപ്പോൾ പൂർത്തിയാക്കുകയാണ്. 55 പൊതു ടാപ്പുകൾ മാത്രം നിലനിർത്താൻ കൗൺസിൽ തീരുമാനിച്ചു. ജല അതോറിറ്റിയുടെ തീരുമാനം ലഭ്യമാകുന്ന മുറക്ക്, തുടർന്നുള്ള മാസങ്ങളിൽ 55 പൊതു ടാപ്പുകളുടെ ബിൽ തുക അതത് മാസംതന്നെ നഗരസഭ അടക്കാനും കൗൺസിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.