ചാലക്കുടി: നഗരസഭ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം മുസ്ലിം ലീഗിന് നൽകില്ല. സ്ഥിരം സമിതികളുടെ പുനഃസംഘടനയുടെ ഭാഗമായി ലീഗിന് ഏതെങ്കിലും സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം നൽകണമെന്ന് ലീഗ് നേതൃത്വം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ചാലക്കുടി നഗരസഭയിൽ ലീഗിന് ഒരു അംഗമാണുള്ളത്. നേരത്തെ നടന്ന രണ്ട് ഊഴത്തിലും ലീഗിന് സ്ഥാനം നൽകിയില്ല. അവസാനത്തെ ഊഴത്തിലെങ്കിലും സ്ഥാനം നൽകണമെന്ന് ലീഗ് പിടിമുറുക്കുകയായിരുന്നു.
എന്നാൽ നിലവിൽ ചാലക്കുടി നഗരസഭയുടെ 36 അംഗ കൗൺസിലിൽ കോൺഗ്രസിന് തന്നെ 25 അംഗങ്ങളുള്ള അവസ്ഥയിൽ ലീഗിനെ അവഗണിക്കുകയായിരുന്നുവെന്നാണ് പരാതി. ഘടകകക്ഷിയായ ലീഗിന്റെ ആവശ്യം ന്യായമാണെങ്കിലും കോൺഗ്രസ് പാർട്ടിയുടെ നേരത്തെയുള്ള തീരുമാനം ലീഗിന് സ്ഥാനം നൽകേണ്ടെന്നാണെന്ന് ചെയർമാൻ എബി ജോർജ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ നഗരസഭയിൽ സ്ഥിരംസമിതി അധ്യക്ഷരുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കമ്മിറ്റികളിൽനിന്ന് രാജിവെച്ചവരുടെ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു.
പുതിയ സ്ഥിരംസമിതി അധ്യക്ഷരുടെ കാര്യത്തിൽ ആരെല്ലാം ആകണമെന്ന് എം.എൽ.എയും പ്രാദേശിക, ജില്ല കോൺഗ്രസ് പാർട്ടി നേതൃത്വവും തീരുമാനമെടുത്തിട്ടുണ്ട്. വികസനകാര്യം ബിജു എസ്. ചിറയത്തിനും ക്ഷേമകാര്യം പി.ഡി. ബാബുവിനും പൊതുമരാമത്ത് ആനി പോളിനും ആരോഗ്യം ദീപു ദിനേശിനും വിദ്യാഭ്യാസം എം.എം. അനിൽകുമാറിനും നൽകാനാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.