ചാലക്കുടി: നോർത്ത് ബസ് സ്റ്റാൻഡ് പരിസരത്തെ വെള്ളക്കെട്ട് വാഹനങ്ങൾക്കും യാത്രക്കാർക്കും ദുരിതമാകുന്നു. ട്രാംവെ റോഡിലേക്ക് ചേരുന്ന ഭാഗമാണ് വെള്ളം കെട്ടി ചെളിക്കുണ്ടായത്. കാൽനടക്കാരാണ് ഇതു മൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. ചളിയിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. വാഹനങ്ങൾ പോകുമ്പോൾ വസ്ത്രങ്ങൾ ചെളിവെള്ളം തെറിച്ച് വൃത്തിഹീനമാകുന്നു.
സ്റ്റാൻഡ് പ്രദേശത്ത് ടൈൽ വിരിച്ച ഭാഗം ഉയർച്ച താഴ്ചയായി കിടക്കുകയാണ്. നേരത്തെ ഭംഗിയായി കിടന്നിരുന്നുവെങ്കിലും പൈപ്പ് പൊട്ടിയതിനെ തുടർന്ന് രണ്ട് മൂന്നിടങ്ങളിൽ ടൈൽസ് പൊളിച്ചു നീക്കിയിരുന്നു. വീണ്ടും ടൈൽസ് സ്ഥാപിച്ചപ്പോൾ ശരിയായി പണി നടത്താത്തതിനാലാണ് ഉയർന്നും താഴ്ന്നും കിടക്കുന്നത്. ഇത് ഇരുചക്രവാഹനങ്ങൾക്ക് അപകടക്കെണിയായി മാറിയിരിക്കുകയാണ്. മാത്രമല്ല മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ടും പതിവാണ്. ട്രാംവെ റോഡിലെ ടാറിങ്ങുമായി ടൈൽസ് ബന്ധിപ്പിക്കുന്നിടത്ത് പൈപ്പ് പൊട്ടിയതിനെ തുടർന്നുള്ള അറ്റകുറ്റപ്പണിഅശ്രദ്ധമായി ചെയ്തതിനാൽ സിമൻറ് തിട്ട രൂപപ്പെട്ടതാണ് ഏറെ അപകടം. നഗരസഭ റോഡിന്റെ അപകടാവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. കൂടാതെ ട്രാംവെ റോഡിന്റെ ബ്രൈറ്റ് സ്റ്റാർ ക്ലബ് വരെയുള്ള കിഴക്കുവശത്തെ നവീകരണവും വൈകുകയാണ്. ചൗക്ക, കോടശേരി ഭാഗങ്ങളിലേക്കുള്ള നിരവധി യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്. കട്ടിപ്പൊക്കം വരെയുള്ള ഭാഗത്ത് കൈയേറ്റങ്ങൾ ഒഴിവാക്കിയെങ്കിലും റോഡ് വീതി കൂട്ടി നിർമ്മിക്കാത്തതിനാൽ ശോച്യാവസ്ഥയിൽ തുടരുകയാണ്.
ഇരിങ്ങാലക്കുട: കനത്ത മഴയിലും കുടിവെള്ള പദ്ധതിക്കായി ഭാഗികമായി പൊളിച്ചതിനെ തുടർന്നും തകർന്ന പട്ടണത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം.കുഴികൾ ഷെൽമാക്ക് ഉപയോഗിച്ച് അടക്കുന്ന പ്രവൃത്തിക്കായി അരലക്ഷത്തോളം രൂപ ചെലവഴിക്കാനാണ് തീരുമാനം. നാലമ്പല ദർശനത്തിന് മുന്നോടിയായി ക്ഷേത്രത്തിലേക്ക് എത്തുന്ന നാലുറോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് നേരത്തെ കൂടൽമാണിക്യ ദേവസ്വവും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ നടന്ന ചർച്ചയിൽ പദ്ധതി ഫണ്ടും തനത് ഫണ്ടും ഉപയോഗിച്ച് നിർമാണ പ്രവർത്തനം നടത്തുന്ന നഗരസഭ പരിധിയിലെ മുഴുവൻ റോഡുകളും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്താൻ നടപടിയെടുക്കണമെന്ന് എൽ.ഡി.എഫ് അംഗങ്ങളായ കെ.ആർ. വിജയ, സി.സി. ഷിബിൻ എന്നിവർ ആവശ്യപ്പെട്ടു. ബൈപ്പാസ് റോഡ് ഇതുവരെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ടിട്ടില്ലെന്ന് എൽ.ഡി.എഫ് കൗൺസിലർ മാർട്ടിൻ ആലേങ്ങാടനും ചൂണ്ടിക്കാട്ടി. ഫയലുകൾ കാണാനില്ലെന്ന മറുപടിയാണ് പലപ്പോഴും ഉദ്യോഗസ്ഥർ നൽകുന്നതെന്നും ലഭിക്കുന്നതെന്നും അധികാരം ഉപയോഗിക്കാൻ ചെയർപേഴ്സനും സെക്രട്ടറിയും തയ്യാറാകണമെന്നും എൽ.ഡി.എഫ് അംഗം അഡ്വ ജിഷ ജോബി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് ഒരു മാസത്തിനകം തീർപ്പാക്കാൻ ചെയർപേഴ്സൺ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യങ്ങൾ വേർതിരിക്കുന്ന ജോലി ചെയ്യുന്ന ഹെവൻശ്രീയിലെ പതിനേഴ് പേർക്ക് കൺസോർഷ്യത്തിൽ നിന്ന് പ്രതിമാസ ശമ്പളം നൽകാനും കൗൺസിൽ തീരുമാനിച്ചു. ഇത് സംബന്ധിച്ച് സർക്കാർ നിർദേശമുണ്ടെന്നും തനത് ഫണ്ടിൽ നിന്നും നൽകാൻ കഴിയില്ലെന്നും ചെയർപേഴ്സൺ വിശദീകരിച്ചു. എന്നാൽ ഇവരുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന് എൽ.ഡി.എഫ് ആവശ്യപ്പെട്ടു. തീരുമാനത്തിൽ ബിജെപി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നസീമ കുഞ്ഞുമോൻ, ജയ്സൻ പാറേക്കാടൻ ,ബൈജു കുറ്റിക്കാടൻ, അൽഫോൺസ തോമസ്, ടി.കെ. ഷാജു, കെ. പ്രവീൺ, ശോഭന മനോജ് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു. യോഗത്തിൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.