ചാലക്കുടി: വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്നതിന് ചാലക്കുടി നഗരസഭയിൽ ഞായറാഴ്ച മുതൽ വീടുകൾക്ക് യൂസർഫീ 50 രൂപയാക്കാൻ തീരുമാനിച്ചു. നഗരസഭകളിൽ യൂസർ ഫീ 50 രൂപയാക്കി സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നു. ചാലക്കുടി നഗരസഭ ഈ വർഷത്തെ ബജറ്റിൽ 50 രൂപയാക്കാനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിരുന്നില്ല. ടൗണിലെ സ്ഥാപനങ്ങളുടെ യൂസർഫീ മാസം 100 രൂപയാണ്. വ്യാപാര സ്ഥാപനങ്ങളിൽ ആഴ്ചയിൽ രണ്ടുതവണ ഹരിതകർമസേന മാലിന്യങ്ങൾ ശേഖരിക്കുന്നത്. ഹരിതകർമസേനയുടെ പ്രവർത്തനം കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിക്കും. നിലവിൽ 50 ഹരിതകർമ സേന അംഗങ്ങളാണ് വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാലിന്യങ്ങൾ ശേഖരിക്കുന്നതും ഇതിൽ വേർതിരിക്കാവുന്നവ വേർതിരിക്കുന്നതും. നിലവിൽ പ്ലാസ്റ്റികിന് പുറമെ തുണി, കുപ്പിച്ചില്ല്, ചെരുപ്പ്, തെർമോക്കോൾ, മരുന്ന് സ്ട്രിപ്പ്, ഇ-വേയ്സ്റ്റ്, ഹസാഡസ് വേയ്സ്റ്റ് എന്നീ മാലിന്യങ്ങൾ ഹരിതകർമസേന ശേഖരിക്കുന്നുണ്ട്. നിലവിൽ യൂസർഫീ ഇനത്തിൽ കലക്ട് ചെയ്യുന്ന തുക മാത്രം വെച്ചാണ് ഹരിതകർമ സേന അംഗങ്ങൾക്ക് പല തദ്ദേശസ്ഥാപനങ്ങളും വേതനം നൽകിവരുന്നത് എങ്കിലും ചാലക്കുടിയിൽ നഗരസഭ കൗൺസിൽ നിശ്ചയിച്ച 600 രൂപ ദിവസവേതന അടിസ്ഥാനത്തിലാണ് ഇവർക്ക് നൽകി വരുന്നത്.
ഒന്നുമുതൽ 30 വരെ തീയതികളിൽ ഒന്നുമുതൽ 30 വരെ വാർഡുകളിൽ ക്രമമായും 31 മുതൽ 36 വരെ വാർഡുകളിൽ ഇതിനിടയിൽ നിശ്ചയിച്ച ദിവസങ്ങളിലും വീടുകളിൽ ഹരിതകർമസേന എത്തും. പോട്ട പ്രദേശത്തെ വാർഡുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ, പോട്ട മിനി മാർക്കറ്റിന് പിറകിലുള്ള നഗരസഭ കെട്ടിടത്തിൽ ശേഖരിക്കുന്നതിനുള്ള നടപടിയും കൗൺസിൽ സ്വീകരിച്ചിട്ടുണ്ട്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗം ചെയ്യുന്നതിന് മിഷനറി ഉപയോഗിച്ച് തരംതിരിച്ച് പൊടിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള ആർ.ആർ.എഫ് കേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. ക്രിമിറ്റോറിയത്തിന് പിന്നിൽ സ്ഥാപിച്ച ആർ.ആർ.എഫ് കേന്ദ്രത്തിൽ, മിഷിനറികൾ എല്ലാം എത്തി കഴിഞ്ഞു. വൈദ്യുതി കണ്കഷനും ലഭിച്ചു. ഫയർ എൻ.ഒ.സി കൂടി ലഭിക്കുന്നതോടെ ആർ.ആർ.എഫിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.