ചാലക്കുടി: ചാലക്കുടി പുഴയോരം നേരിടുന്ന കടുത്ത ജല പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആളിയാർ കരാർ പ്രകാരം കേരളത്തിന് അർഹമായ ജലം വിട്ടുതരാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
സനീഷ് കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ സമരത്തിന് രൂപം നൽകി. കരാർ പ്രകാരം ഫെബ്രുവരി ഒന്നിനും സെപ്റ്റംബർ ഒന്നിനും ഡാം നിറക്കണമെന്നാണ് വ്യവസ്ഥ.
എന്നാൽ കഴിഞ്ഞ ഫെബ്രുവരിയിൽ ഡാം നിറക്കാത്തത് പുഴയോരത്തെ ജലപ്രതിസന്ധിക്ക് കാരണമായി. 5420 ദശലക്ഷം ഘനയടി സംഭരണശേഷിയുള്ള കേരള ഷോളയാറിൽ 17 ശതമാനം ജലം മാത്രമാണുള്ളത്.
ആളിയാർ കരാർ വ്യവസ്ഥ നടപ്പാക്കുന്നതിൽ തമിഴ്നാടോ അത് ചോദിച്ചു വാങ്ങുന്നതിൽ കേരള സർക്കാരോ വേണ്ടത്ര ആർജവം കാണിക്കുന്നില്ലെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ആരോപിച്ചു. ഫെബ്രുവരി ഒന്നിന് കേരള ഷോളയാർ നിറക്കണം എന്നതിനൊപ്പം കരാറിലെ മറ്റൊരു വ്യവസ്ഥ ഷോളയാറിൽ കേരളത്തിന് അവകാശപ്പെട്ട 12300 ദശലക്ഷം ഘനയടി ജലം ഫെബ്രു. ഒന്നിനകം ലഭിക്കണമെന്നാണ്.
എന്നാൽ 2023 ജൂലൈ ഒന്നുമുതൽ ഇതുവരെ ലഭിച്ചത് 11358 ദശലക്ഷം ഘനയടി മാത്രമാണെന്നും ഈ പ്രതിസന്ധി മുന്നിൽകണ്ട് കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിക്കും കത്ത് നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും സനീഷ് കുമാർ ജോസഫ് എം.എൽ.എ പറഞ്ഞു.
14ന് രാവിലെ ചാലക്കുടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിന് മുന്നിൽ നടത്തുന്ന ഉപവാസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, നഗരസഭ ചെയർമാൻ എബി ജോർജ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.