ചാലക്കുടി: നഗരസഭകളിൽ ഏപ്രിൽ മുതൽ സർക്കാർ നടപ്പാക്കിയ കെ-സ്മാർട്ട് സംവിധാനത്തിൽ നാളിതുവരെ ട്രഷറി വഴിയുള്ള ബില്ലുകൾ പെയ്മെന്റ് നടത്താൻ കഴിയാത്തതിനാൽ ചാലക്കുടി നഗരസഭയിലെ അടിയന്തര പ്രാധാന്യമുള്ള നിരവധി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായി പരാതി.
ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയതും ഏപ്രിലിൽ തുടങ്ങേണ്ടതുമായ സുപ്രധാന പദ്ധതികളുടെ പ്രവർത്തനങ്ങളാണ് അവതാളത്തിലായത്.
നഗരസഭ പദ്ധതി വഴി അടച്ചു വന്നിരുന്ന, താലൂക്ക് ആശുപത്രിയുടെ മൂന്ന് മാസത്തെ വൈദ്യുതി ബിൽ ഒമ്പത് ലക്ഷം രൂപയാണ് കെ.എസ്.ഇ.ബിക്ക് നൽകാനുള്ള കുടിശ്ശിക. വാട്ടർ ബിൽ കുടിശ്ശിക 3.5 ലക്ഷമാണ്. ഈവനിങ് ഒ.പി ഡോക്ടർക്ക് നഗരസഭ നൽകേണ്ട രണ്ട് മാസത്തെ ശമ്പളം മുടങ്ങി. നഗരസഭയിലെ പാലിയേറ്റിവ് പദ്ധതി നടത്തിപ്പും പ്രതിസന്ധിയിലാണ്. നഗരസഭയിലെ എൻജിനീയറിങ് വിഭാഗത്തിൽ പ്രോജക്ട് പ്രകാരം ട്രെയ്നീസ് ആയി പ്രവർത്തിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ഓണറേറിയവും മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്.
ഏപ്രിൽ മുതൽ മുടക്കമില്ലാതെ നടത്തേണ്ട അംഗൻവാടി പോഷകാഹാരം ഉൾപ്പെടെ, വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് നൽകുന്ന മരുന്ന് വിതരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൈനംദിന ചിലവും സാധനങ്ങളുടെ വിതരണവും ഉൾപ്പെടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതികളിലുൾപ്പെട്ട പൊതുമരാമത്ത് പ്രവൃത്തികളുടെയും വ്യക്തിഗത ആനുകൂല്യങ്ങളുടെയും പണം നൽകാൻ കഴിയാതിരുന്നതു മൂലം കോടികളാണ് നഗരസഭക്ക് നഷ്ടപ്പെട്ടത്. മാർച്ചിൽ സർക്കാർ നിർദേശിച്ച തീയതിക്കുള്ളിൽ സമർപ്പിച്ച ബില്ലുകൾ പോലും പാസാക്കാതെ തിരിച്ചയച്ചതിലൂടെ നഗരസഭക്ക് ഉണ്ടായ നഷ്ടം കോടികളാണ്.
പണം ലഭിക്കാത്തത് മൂലം കരാറുകാർ പുതിയ പ്രവൃത്തികൾ തുടങ്ങാനോ പൂർത്തിയാക്കാനോ തയാറാകുന്നില്ല. ഒരു മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ കെ-സ്മാർട്ട് സംവിധാനത്തിലൂടെ പ്രതിസന്ധിയിലാകുന്നത് അത്യന്താപേക്ഷിത ജനകീയ പദ്ധതികളാണ്. ഇക്കാര്യത്തിൽ അടിയന്തരമായി സർക്കാർ പരിഹാരം ഉണ്ടാക്കണമെന്ന് ചാലക്കുടി നഗരസഭ അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.