പ്രതി രാജേഷ്
ചാലക്കുടി: അയൽവാസിയുടെ വീടിനു പിറകിൽ ചാരായം കുഴിച്ചിട്ട് കേസിൽ കുടുക്കാൻ ശ്രമിച്ച യുവാവ് കുടുങ്ങി. പാലപ്പിള്ളി സ്വദേശി പള്ളത്ത് വീട്ടിൽ രാജേഷാണ് (41) പിടിയിലായത്. ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പലചരക്ക് കട നടത്തുന്ന രാജേഷ് പൊതുറോഡ് കൈയേറി വീട്ടിലേക്കുള്ള വഴിയിൽ ചെറിയ പാലം കോൺക്രീറ്റ് ചെയ്തത് അയൽവാസിയായ കോപ്പി വീട്ടിൽ സതീഷ് ചോദ്യം ചെയ്യുകയും പരാതി നൽകുകയും ചെയ്തിരുന്നു.
തുടർന്ന് പൊതുസ്ഥലം കൈയേറി പണിത കോൺക്രീറ്റ് സ്ലാബ് പ്രതിക്ക് പൊളിച്ചു മാറ്റേണ്ടി വന്നതിലുള്ള വൈരാഗ്യമാണ് ഈ സംഭവത്തിന് കാരണമായത്.അഞ്ച് ലിറ്റർ ചാരായം വീട്ടിൽ വാറ്റി സതീഷിെൻറ പണി നടന്നുകൊണ്ടിരിക്കുന്ന പുതിയ വീടിനു പിറകിൽ കുപ്പികളിലാക്കി കുഴിച്ചിട്ടു. തുടർന്ന് പ്രതിയുടെ സുഹൃത്തിനെക്കൊണ്ട് കൊരട്ടി പൊലീസിൽ അറിയിച്ചു.
പരിശോധനയിൽ ചാരായം കണ്ടെടുത്തു. രഹസ്യ ഫോൺ സന്ദേശത്തിൽ സംശയം തോന്നിയ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിടികൂടുമെന്നറിഞ്ഞതോടെ രാജേഷ് ഒളിവിൽ പോയി. പാലപ്പിള്ളിയിലെ വീട്ടിൽ രഹസ്യ സന്ദർശനം നടത്തുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.
പൊലീസിനെ ഫോൺ വിളിച്ച് തെറ്റിദ്ധരിപ്പിച്ച രണ്ടാം പ്രതി ഉടൻ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ സി.ഐ ബി.കെ. അരുൺ, എസ്.ഐമാരായ ഷാജു എടത്താടൻ, എം.എസ്. പ്രദീപ്, സി.കെ. സുരേഷ്, എ.എസ്.ഐമാരായ മുഹമ്മദ് ബാഷി, മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ വി.കെ. രഞ്ജിത്ത്, നിതീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.