ചാലക്കുടി: പുകക്കുഴൽ ഒടിഞ്ഞുവീണതിനെ തുടർന്ന് നഗരസഭ ശ്മശാനത്തിലെ പ്രവർത്തനം നിലച്ചിട്ട് ഒരുമാസം പിന്നിട്ടിട്ടും പുകക്കുഴൽ പുനഃസ്ഥാപിക്കാത്ത നഗരസഭ ഭരണസമിതിയുടെ അനാസ്ഥയിൽ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം കനത്ത പ്രതിഷേധം അഴിച്ചുവിട്ടു.
പൊതുജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ ക്രിമിറ്റോറിയം എത്രയും വേഗം പുകക്കുഴൽ മാറ്റി, അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച്, അടിയന്തര പ്രധാന്യത്തോടെ തുറന്നുകൊടുക്കുന്നതിൽ നഗരസഭ ചെയർമാനും ബന്ധപ്പെട്ടവരും പരാജയപ്പെട്ടതായി പ്രതിപക്ഷം ആരോപിച്ചു. നഗരസഭ ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാരും സ്വതന്ത്രാംഗങ്ങളും കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു. വിഷയം ചർച്ച ചെയ്യാമെന്ന ഭരണപക്ഷത്തിന്റെ മറുപടി പ്രതിപക്ഷത്തെ സമാധാനപ്പെടുത്തിയില്ല.
കഴിഞ്ഞ കൗൺസിൽ യോഗത്തിൽ 15 ദിവസത്തിനകം പണികൾ പൂർത്തീകരിച്ച് ശ്മശാനം പ്രവർത്തനസജ്ജമാക്കുമെന്ന് പറഞ്ഞ ചെയർമാന്റെ നിലപാട് അവസരവാദപരമാണെന്ന് തെളിഞ്ഞിരിക്കുന്നതായും ജനങ്ങൾ മൃതദേഹ സംസ്കാരത്തിനായി മറ്റ് വഴികൾ തേടേണ്ട സാഹചര്യമാണ് ഒരു മാസമായി വന്നു ചേർന്നിരിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. ക്രിമിറ്റോറിയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എക്കാലത്തും കാണിക്കുന്ന അവഗണനയുടെ ഭാഗമാണിതെന്നും എൽ.ഡി.എഫ് പാർലമെൻററി പാർട്ടി ലീഡർ സി.എസ്. സുരേഷ് പറഞ്ഞു. ബിജി സദാനന്ദന്, ഷൈജ സുനിൽ, ബിന്ദു ശശികുമാര്‍, ലില്ലി ജോസ്, വി.ജെ. ജോജി, കെ.എസ്. സുനോജ്, ടി.ഡി. എലിസബത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം യോഗം ബഹിഷ്കരിക്കുകയായിരുന്നു.
ശ്മശാനത്തിന്റെ പുകക്കുഴൽ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ നഗരസഭ അതിവേഗം പൂർത്തീകരിച്ചു വരികയാണെന്നും അടുത്ത ആഴ്ചയോടെ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്നും വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു യോഗത്തിൽ അറിയിച്ചു.
ശ്മശാനം വിഷയം പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുകയാണെന്നുംഇക്കാര്യത്തിൽ തുറന്ന ചർച്ചക്ക് തയാറാണെന്നും യു.ഡി.എഫ് ലീഡർ ഷിബു വാലപ്പൻ പറഞ്ഞു. എന്നാൽ, പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം തുടർന്നപ്പോൾ ഭരണപക്ഷം അജണ്ടകൾ വായിച്ച് അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.