ചാലക്കുടി: മഴക്കാലപൂർവ ശുചീകരണം നടക്കാത്തതിനാൽ മേലൂരിലെ പൂത്തുരുത്തിപ്പാലത്തിന്റെ പരിസരം കാടുമൂടുന്നതായി പരാതി. മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിൽ പൂലാനി പൂത്തുരുത്തി പാലത്തിനു സമീപം റോഡിലേക്ക് കാടുകയറിയിട്ടും അധികാരികൾ ഇടപെട്ടില്ല. പ്രത്യേകിച്ചും കാടുകയറി കിടക്കുന്ന ഭാഗങ്ങളിൽ റോഡിൽ രണ്ടു വലിയ വളവുകളാണ്. അതിനാൽ എതിരെ വരുന്ന വാഹനങ്ങൾ പെട്ടെന്ന് കാണാൻ പറ്റില്ല.
സ്കൂൾ, കോളജ് വിദ്യാർഥികൾ, ഏഴാറ്റമുഖം പ്രകൃതി ഗ്രാമത്തിലേക്കുള്ള വിനോദ സഞ്ചാരികൾ അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. കാടുകയറി കിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധർക്ക് സൗകര്യമായി മാറിയിട്ടുണ്ടിവിടം. മാലിന്യം തള്ളൽ മേഖലകൂടിയായി മാറിയിരിക്കുകയാണ് പ്രദേശം.
മാള: കാടു വളർന്നതിനാൽ ആലുവ പൊതുമരാമത്ത് റോഡരകിൽ കാൽനട യാത്ര ദുരിതമാവുന്നു. പഞ്ചായത്ത് ബസ് സ്റ്റാൻഡ് മുതൽ മാള ഗവ. ആശുപത്രി വരെ ഒരു കിലോമീറ്ററാണ് റോഡരികിൽ കാട് വളർന്നത്. മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികളും ആശുപത്രിയിലേക്ക് വരുന്ന രോഗികളും പരിസരവാസികളും ഉപയോഗിക്കുന്നത് ഈ നടപ്പാതയാണ്.
ഈ വഴിയരികിലാണ് യഹൂദ ശ്മശാനമുള്ളത്. പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ എന്നിവയും റോഡരികിലാണ്. റോഡിൽ ചിലയിടത്ത് ചെളിയുമുണ്ട്. അതേസമയം, റോഡിന്റെ മറുവശത്ത് ആവശ്യത്തിന് വീതിയില്ലാത്തതിനാൽ കാൽനട അപകടകരവുമാണ്.
നൂറു കണകിന വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡാണിത്. അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നും പൊലീസ് സ്റ്റേഷൻ മുതൽ ആശുപത്രിപടി വരെ നടപ്പാതയും സുരക്ഷിതവേലിയും നിർമിച്ച് യാത്രാസൗകര്യം മെച്ചപ്പെടുത്തണമെന്ന് മാള പ്രതികരണ വേദി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.