ചാലക്കുടി: ചാലക്കുടി റെയിൽവേ സ്റ്റേഷനിലെ കാൽനടക്കാർക്കുള്ള മേൽപ്പാലം അടച്ചു പൂട്ടിയിട്ട് രണ്ട് വർഷം. കാലപ്പഴക്കം കാരണം പുനർനിർമാണത്തിന്റെ ഭാഗമായാണ് ഇത് അടച്ചുകെട്ടിയത്. എന്നാൽ രണ്ടു വർഷത്തിലേറെ കഴിഞ്ഞിട്ടും പുനർനിർമാണം ആരംഭിച്ചിട്ടില്ല.
മേഖലയിലെ ജനങ്ങൾ ചുറ്റി വളഞ്ഞ് യാത്രാദുരിതം അനുഭവിക്കുകയാണ്. വിഷയത്തിൽ ചാലക്കുടി നഗരസഭ ഫലപ്രദമായ ഇടപെടൽ നടത്താത്തതിനാലാണ് പാലത്തിന്റെ നിർമാണം നടക്കാത്തതെന്നാണ് പരാതി. മേൽപ്പാലം നിർമിക്കണമെങ്കിൽ നഗരസഭയുടെ വിഹിതമായി 40 ലക്ഷത്തോളം രൂപ റെയിൽവേക്ക് നൽകേണ്ടതുണ്ട്.
ചാലക്കുടി റെയിൽവേ സ്റ്റേഷൻ റോഡിലേക്കും തിരിച്ച് എഫ്.സി.ഐ ഗോഡൗൺ റോഡിലേക്കും കാൽനടയായി സഞ്ചരിക്കാനായാണ് വർഷങ്ങൾക്ക് മുമ്പ് റെയിൽവേ മേൽപ്പാലം നിർമിച്ചത്. കാൽനടക്കാർ റെയിൽപ്പാളം മുറിച്ചുകടക്കുമ്പോഴുള്ള അപകടം ഇതു വഴി ഒഴിവായിരുന്നു.
എഫ്.സി.ഐയിൽ ലോഡിറക്കാൻ നിർത്തിയിടുന്ന ചരക്കു ട്രെയിനുകളും സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കാൻ നിർത്തിയിടുന്ന ട്രെയിനുകളും മൂലം ഇവിടെ പാത മുറിച്ചുകടക്കുക എളുപ്പമല്ല. ഈ സമയങ്ങളിൽ വയോധികരും വിദ്യാർഥികളുമടക്കം ട്രെയിനുകളുടെ അടിയിലൂടെ നുഴഞ്ഞു പോവുന്നത് അപകടങ്ങൾക്കും വഴിയൊരുക്കിയിരുന്നു. കാൽനടക്കാർക്ക് മേൽപ്പാലം വന്നതോടെ ഇതിനെല്ലാം പരിഹാരമായിരുന്നു.
നഗരസഭയിലെ 24, 25 വാർഡുകളിലെ ജനങ്ങൾക്കാണ് മേൽപ്പാലത്തിന്റെ ആവശ്യം കൂടുതൽ. എഫ്.സി.ഐ, മരുന്നു കമ്പനി, ദേവിനഗർ, മനപ്പടി, ഐ.എം.ആർ.എൽ.പി സ്കൂൾ ഭാഗത്തുള്ളവർ ആലിൻചോട് സ്റ്റോപ്പിലേക്കും റെയിൽവേ സ്റ്റേഷൻ ഭാഗത്തും എത്താൻ ഈ വഴിയാണ് ഉപയോഗിക്കുന്നത്.
അതുപോലെ ഇപ്പുറത്തെ സ്കൂൾ, പിഷാരിക്കൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലേക്കും നിരവധി പേർക്ക് സഞ്ചരിക്കേണ്ടതുണ്ട്. റെയിൽവേ മേൽപ്പാലം അടച്ചുപൂട്ടിയതോടെ ഇവരുടെ വഴിമുട്ടിയിരിക്കുകയാണ്. ഒരു കിലോമീറ്ററിലധികം വളഞ്ഞു ചുറ്റി പോകേണ്ട ദുരവസ്ഥയിലാണ് ഇവർ. നിർത്തിയിട്ട ട്രെയിനുകൾക്കടിയിലൂടെ നുഴഞ്ഞു കടക്കുകയെന്ന സാഹസവും പലരും തുടങ്ങിയിട്ടുണ്ട്.
മഴക്കാലമായതോടെ ഇവരുടെ യാത്രാദുരിതം ഇരട്ടിച്ചിരിക്കുകയാണ്. റെയിൽവേയും നഗരസഭയും കനിയാത്തതിനാൽ ദുരിതം നീളുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.