ചാലക്കുടി: മഴക്കാല പൂർവ ശുചീകരണ ഭാഗമായി പറയൻതോടും അനുബന്ധ തോടുകളും വൃത്തിയാക്കാത്തതിൽ ചാലക്കുടിയിലെ റസിഡൻസ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ക്രാക്ട് പ്രതിഷേധിച്ചു.
നഗരസഭ പ്രദേശത്തെ വെള്ളക്കെട്ട് ഫലപ്രദമായി പരിഹരിക്കാൻ സൗത്ത് ജങ്ഷൻ മുതലുള്ള മഴവെള്ളം കാനകളിലൂടെയും ചാലുകളിലൂടെയും പറയൻതോട്ടിലേക്ക് എത്തിക്കൽ പ്രധാനമാണ്.
മഴക്കാലം അടുത്തിരിക്കെ കാനലുകളും വിവിധ വാർഡുകളിലെ ചാലുകളും ഇതുവരെയായിട്ടും വൃത്തിയാക്കിയിട്ടില്ല. മഴക്കാല മുന്നൊരുക്കം നടത്താത്ത ചാലക്കുടി നഗരസഭ അധികാരികളുടെ അനാസ്ഥയിൽ ക്രാക്റ്റ് ഭരണസമിതി യോഗം പ്രതിഷേധം രേഖപ്പെടുത്തി. 2018ലെ മഴവെള്ളപ്പൊക്കത്തിൽ വന്ന ചളിയും മണ്ണും എക്കലും അടിയന്തരമായി നീക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പോട്ടച്ചിറയിൽ 4.5 മീറ്റർ വീതിയിൽ ആരംഭിക്കുന്ന പറയൻതോട് ആരംഭത്തിൽ 4.5 മീറ്റർ വീതിയിലും മധ്യഭാഗം 8.4 മീറ്റർ വീതിയിലും അവസാനഭാഗം പത്തര മീറ്റർ വീതിയിലുമാണ്. തോട് ഉടനീളം കൈയേറ്റം കൊണ്ടും സംരക്ഷണമില്ലായ്മ കൊണ്ടും മഴവെള്ളം പോകാത്ത അവസ്ഥയിലാണ്.
അടിയന്തരമായി പറയൻതോട്ടിലേയും അനുബന്ധച്ചാലുകളിലേയും മണ്ണും ചളിയും നീക്കണമെന്നും എസ്.എച്ച് കോളജിനു മുൻവശം പി.ഡബ്ല്യു.ഡി റോഡിന് കുറുകെയുള്ള പാലം പൊളിച്ച് വീതി കൂട്ടി മഴവെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻറ് പോൾ പാറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി. ദിനേശ്, ലൂവീസ് മേലേപ്പുറം, ജോർജ് ടി. മാത്യു, കെ.വി. ജയരാമൻ, ഡോ. കെ. സോമൻ, ഡോ. സി.സി. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.