ചാലക്കുടി: പൊതുഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും ജനങ്ങൾക്ക് അത്യാവശ്യമുള്ളതും ലാഭകരവുമായ പുതിയ ബസ് റൂട്ടുകൾ ആരംഭിക്കാനുമായി ക്രിയാത്മക നിർദേശങ്ങൾ സമർപ്പിച്ച് ചാലക്കുടിയുടെ ജനകീയ സദസ്സ്. ജനപ്രതിനിധികളും കെ.എസ്.ആർ.ടി.സി അധികൃതരും സ്വകാര്യ ബസ് സംഘടനകളും ചർച്ചയിൽ പങ്കെടുത്തു. നിയോജക മണ്ഡല അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പാണ് സദസ്സ് സംഘടിപ്പിച്ചത്.
ഉൾനാടുകളെ പ്രധാന റൂട്ടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ സദസ്സിൽ ഉയർന്നുവന്നു. ഇവയുടെ സാധ്യത പഠനങ്ങൾക്കായി മോട്ടോർ വാഹന വകുപ്പിനെ നിയോഗിച്ചു.
ടൗണിൽ പ്രവേശിക്കാതെ പോകുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ മേൽ പാലത്തിന് അടിയിലൂടെ സർവിസ് നടത്താൻ ധാരണയായി. അതിരപ്പിള്ളി മേഖലയിലെ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസ് സമയതർക്കം പരിഹരിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ 29ന് പ്രത്യേക യോഗം ചേരും. കോവിഡിന് ശേഷം നിലച്ചുപോയ തിരുമുടിക്കുന്നിൽ നിന്നുള്ള മെഡിക്കൽ കോളജ് കെ.എസ്.ആർ.ടി.സി ബസ് സർവിസ്, പീലാർ മുഴിയിലേക്കുള്ള ബസ് സർവിസ്, കാടുകുറ്റിയിലേക്കുള്ള ബസുകൾ പാതിവഴിയിൽ സർവിസ് അവസാനിപ്പിക്കുന്നത്, കട്ടപ്പുറം, മാമ്പ്ര, വെള്ളിക്കുളങ്ങര എന്നിവിടങ്ങളിലെക്കുള്ള ബസ് സർവിസ് അപര്യാപ്തത അടക്കമുള്ള ഗതാഗതപ്രശ്നങ്ങൾ ജനപ്രതിനിധികൾ സദസ്സിൽ ഉന്നയിച്ചു.
യോഗത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജെയിംസ്, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, ജില്ല പഞ്ചായത്ത് അംഗം ജനീഷ് പി ജോസ്, കെ.എസ്.ആർ.ടി.സി എ.ടി.ഒ കെ.ജെ.സുനിൽ, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ എം.കെ. സജീവ്, പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ എൻജിനീയർ അനു കെ. സദാനന്ദൻ, ചാലക്കുടി ജോ. ആർ.ടി.ഒ കെ.ബി. സിന്ധു, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സാൻജോ വർഗീസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പി.പി. ജയരാജൻ, സെബാസ്റ്റ്യൻ ജോസഫ്, ബസുടമകളുടെ സംഘടന പ്രതിനിധികളായ ലിസൻ ജോൺ, ഷിബു ആട്ടോക്കാരൻ, ജോൺസൺ പയ്യപ്പിള്ളി, സോമസുന്ദരൻ വിവിധ റസിഡൻസ് അസോസിയേഷനുകൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.