ചാലക്കുടി: തുടർച്ചയായി മഴ ലഭിച്ചതോടെ ചാലക്കുടി മേഖലയിലെ കടുത്ത ചൂടിന് ചെറിയ ആശ്വാസമായി. ഇതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായിട്ടുണ്ട്. അതേസമയം തുടർച്ചയായ മഴ പെയ്യുമ്പോൾ പലയിടത്തും വെള്ളക്കെട്ട് രൂപം കൊള്ളുന്നുണ്ട്. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ഈയിടെ കാന നവീകരിച്ച് കലുങ്ക് പണി പൂർത്തീകരിച്ച റോഡിലും കനത്ത വെള്ളക്കെട്ടുണ്ടായി.
കഴിഞ്ഞ ദിവസത്തെ മഴയിൽ ചാലക്കുടി ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്സിന്റെ നടുമുറ്റം കടന്ന് കടമുറികളിലേക്ക് വെള്ളം കയറിയതായി വ്യാപാരികൾ പരാതി ഉന്നയിച്ചു. നടുമുറ്റം ഈയിടെയാണ് നികത്തി ടൈലിട്ട് പൊന്തിക്കുന്ന നിർമാണ പ്രവൃത്തികൾ നടന്നത്. അശാസ്ത്രീയമായ ഇത്തരം പ്രവൃത്തികൾ പ്രശ്നപരിഹാരം ഉണ്ടാക്കുകയല്ല, അവിടത്തെ കച്ചവടക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് പരാതിയുണ്ട്.
ദേശീയപാതയിൽ ചാലക്കുടിപ്പുഴ പാലത്തിന് കിഴക്കുവശത്ത് വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തുന്നതായി പരാതിയുണ്ട്. മുരിങ്ങൂർ ഡിവൈൻ അടിപ്പാതയുടെ സമീപത്തെ സർവിസ് റോഡിലും വെള്ളക്കെട്ട് ഉണ്ട്.
അതിരപ്പിള്ളി പഞ്ചായത്തിലാണ് മഴ കൂടുതൽ ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ പല ദിവസങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അതിരപ്പിള്ളിയിൽ 117.6 മില്ലിമീറ്റർ മഴ ലഭിച്ചു. സമീപ പ്രദേശമായ വെറ്റിലപ്പാറയിൽ 82 എം.എം മഴ ലഭിച്ചു. മറ്റ് പ്രദേശങ്ങളിൽ മിതമായ തോതിലുള്ള മഴ പെയ്യുന്നു. പരിയാരത്ത് 10.4 എം.എം മഴയും മേലൂരിൽ 23 മില്ലിമീറ്റർ മഴയും ചാലക്കുടിയിൽ 22 മില്ലിമീറ്റർ മഴയും കാടുകുറ്റിയിൽ 28.3 മില്ലിമീറ്റർ മഴയും ലഭിച്ചു. മഴയിൽ മറ്റ് നാശം ഒന്നും ഉണ്ടായില്ല. മഴയെ തുടർന്ന് ഉയർന്ന മേഖലകളിലെ വരൾച്ചക്ക് ചെറിയ ശമനമായി. ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ തന്നെയാണ്. അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ശുഷ്കമായ സ്ഥിതിയിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.