ചാലക്കുടി: തെരുവുവിളക്ക് സ്ഥാപിക്കാൻ ചാലക്കുടി നഗരസഭയിൽ നിന്ന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയിൽ ക്രമക്കേട് നടന്നതായി നഗരസഭ യോഗത്തിൽ ആരോപണം. മഴക്കാലപൂർവ ശുചീകരണം സംബന്ധിച്ച സർക്കാർ ഉത്തരവ് ചർച്ച ചെയ്യാൻ ചേർന്ന അടിയന്തര യോഗത്തിൽ ഇതേ ചൊല്ലി ബഹളം ഉയർന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഇതിനെതിരെ പ്രതിഷേധം ഉയർത്തി.
ചാലക്കുടിയിലെ 295 വഴിവിളക്കുകൾ അനധികൃതമാണെന്നും അത് ക്രമപ്പെടുത്താൻ നഗരസഭ 10 ലക്ഷം രൂപയിലേറെ അടക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി നോട്ടീസ് അയച്ചിരുന്നു. ഇതുപ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ നഗരസഭ പ്ലാൻ ഫണ്ടിൽ നിന്ന് തുക അടക്കുകയും ചെയ്തു. എന്നാൽ ഇതുസംബന്ധിച്ച ഒരു രേഖയും കെ.എസ്.ഇ.ബി നൽകിയില്ല.
അത് ആവശ്യപ്പെട്ടപ്പോൾ 130 വഴിവിളക്കുകളുടെ തുക കൂടി പുതുതായി അടക്കാൻ നഗരസഭയോട് ആവശ്യപ്പെട്ടു. എന്നാൽ ഏതൊക്കെ ലൈനുകളിലെയും വാർഡുകളിലെയും പോസ്റ്റുകളിലെയും വഴിവിളക്കുകളാണ് ക്രമപ്പെടുത്തിയതെന്നോ പുതുതായി ക്രമപ്പെടുത്തേണ്ട 130 വഴിവിളക്കുകൾ ഏതൊക്കെയാണെന്നോ കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കുന്നില്ല.
പുതിയ ലൈറ്റുകൾ തങ്ങളുടെ വാർഡിൽ സ്ഥാപിച്ചിട്ടില്ലെന്ന് നഗരസഭ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഇതിന് കെ.എസ്.ഇ.ബി മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇതിൽ എന്തോ കള്ളക്കളി നടന്നതായി സംശയം ഉയർന്നത്. ഈ വിഷയത്തിൽ അഴിമതി നടന്നതായും വിജിലൻസ് അന്വേഷണം നടത്തണമെന്നും സ്വതന്ത്ര അംഗം വി.ജെ. ജോജി ആവശ്യപ്പെട്ടു. വീഴ്ച പരിശോധിക്കണമെന്നും സംയുക്ത അന്വേഷണം നടത്തണമെന്നും ഭരണപക്ഷത്തെ കെ.വി.പോൾ പറഞ്ഞു.
എക്സിക്യൂട്ടീവ് എൻജിനീയറെ വിളിച്ചു വരുത്തി അടിയന്തിര കൗൺസിലിൽ ചർച്ച ചെയ്യാൻ മുൻ ചെയർമാൻ വി.ഒ. പൈലപ്പൻ ആവശ്യപ്പെട്ടു. ഈ വിഷയം കൗൺസിലിൽ നേരത്തെ വന്നിരുന്നതാണെന്നും എന്നാൽ നടപടിയൊന്നും ആയില്ലെന്നും ഭരണപക്ഷ നേതാവ് ഷിബു വാലപ്പൻ വിശദീകരിച്ചു.
ഈ വിഷയത്തിൽ ഇപ്പോൾ തീരുമാനമെടുക്കാനാവില്ലെന്നും മറ്റൊരു അടിയന്തിര യോഗം വിളിച്ചുചേർത്ത് തീരുമാനിക്കാമെന്നും നഗരസഭ ചെയർമാൻ എബി ജോർജ് വ്യക്തമാക്കി. ചർച്ചകളിൽ ബിജി സദാനന്ദൻ, കെ.എസ്. സുനോജ്, ടി.ഡി. എലിസബത്ത്, സൂസമ്മ ആൻറണി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.