ചാലക്കുടി: കടുത്ത വേനൽ മഴക്കാലത്തിന് വഴി മാറിയതോടെ പുത്തൻ പ്രതീക്ഷയുമായി കർഷകർ കൃഷിയിടത്തിലേക്ക്. കാർഷിക ഗ്രാമമായ മേലൂരിലെ പൂലാനി മേഖലയിൽ കർഷകർ കൃഷിയിടമൊരുക്കുന്ന ഉത്സാഹത്തിലാണ്. മണ്ണ് ഉഴുതുമറിച്ചും വാരംകോരിയും കൃഷിക്ക് അനുയോജ്യമാക്കുകയാണ് അവർ.
കപ്പയും വാഴയുമാണ് പ്രധാനമായും കുറച്ചു കാലങ്ങളായി ഇവിടെ കൃഷി ചെയ്തുവരുന്നത്. കൂടാതെ പയർ, പടവലം, പാവൽ, വെണ്ട തുടങ്ങിയ പച്ചക്കറികളും. ഏക്കറുകളോളം വിശാലമായ ഈ കൃഷിയിടത്തിൽ മുമ്പ് നെൽക്കൃഷിയാണ് ചെയ്തുപോന്നിരുന്നത്. എന്നാൽ, സമീപകാലത്താണ് ഇവർ വാഴയും കപ്പയുമടക്കമുള്ള കൃഷിയിലേക്ക് തിരിഞ്ഞത്.
വേനൽ കടുത്തപ്പോൾ വെള്ളത്തിന്റെ ദൗർലഭ്യവും കനത്ത ചൂടും നിമിത്തം കാരണം തൊട്ട് മുമ്പത്തെ തവണ പച്ചക്കറികൾ പൂക്കാത്തത് തിരിച്ചടിയായിരുന്നു. എന്നാൽ, കൃഷിനാശം പൂലാനിയിലെ കർഷകർക്ക് പുതിയ അനുഭവമല്ല. കനത്ത മഴയെ തുടർന്നുള്ള വെള്ളക്കെട്ടും കാറ്റും ഫംഗസ് ബാധയും ചിലപ്പോഴൊക്കെ നാശനഷ്ടം ഉണ്ടാക്കാറുണ്ട്. എന്നാൽ, മഴ ലഭിച്ചതോടെ എല്ലാം മറന്ന് പൂലാനിയിലെ കർഷകർ കൃഷിയിടത്തിലേക്ക് ഇറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.