ചാലക്കുടി: നഗരസഭയുടെ സൗത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന് പാർക്കിങ് സൗകര്യമില്ല. ഇതുമൂലം കെട്ടിടത്തിലെ ഉടമകളും ഉപഭോക്താക്കളുമടക്കം നിരവധി പേർ ദുരിതത്തിൽ. ഇവർ ഗതികെട്ട് വാഹനങ്ങൾ ദേശീയപാതയുടെ സർവിസ് റോഡിലും ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ ഇടങ്ങളിലും പാർക്ക് ചെയ്യേണ്ട ഗതികേടിലാണ്. ഇനി മുതൽ ഇവിടെ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് നഗരസഭ കൗൺസിൽ തീരുമാനിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്.
നാലുപതിറ്റാണ്ട് മുമ്പാണ് സൗത്ത് ജങ്ഷനിൽ നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡും അതിനോട് ചേർന്ന ഷോപ്പിങ് കോംപ്ലക്സും പ്രവർത്തനം ആരംഭിച്ചത്. അക്കാലത്ത് ബസ് സ്റ്റാൻഡിന് മുൻവശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നു. എന്നാൽ, പിന്നീട് നാലുവരി ആക്കിയപ്പോൾ ദേശീയപാതയുടെ സർവിസ് റോഡിന്റെ വികസനാർഥം ബസ് സ്റ്റാൻഡിന്റെ മുൻവശത്തെ പാർക്കിങ് സ്ഥലം നഷ്ടപ്പെടുകയായിരുന്നു.
പക്ഷേ, അക്കാലത്ത് ഇവിടെയെത്തുന്ന വാഹനങ്ങളുടെ എണ്ണം കുറവായതിനാൽ കാര്യമായ പ്രതിസന്ധിയുണ്ടായിരുന്നില്ല. പണ്ട് ഷോപ്പിങ് കോംപ്ലക്സിന്റെ മുകൾ നിലയിൽ ലോഡ്ജായിരുന്നു. ഇപ്പോൾ അതെല്ലാം മാറ്റി കടമുറിയാക്കി. 100ഓളം സ്ഥാപനങ്ങളാണ് അവിടെ പ്രവർത്തിക്കുന്നത്. അവിടേക്ക് വരുന്ന നൂറുകണക്കിന് ഉപഭോക്താക്കൾ കൂടിയായപ്പോൾ വാഹന പാർക്കിങ് പ്രശ്നമാവുകയായിരുന്നു.
എന്നാൽ, നഗരസഭ പകരം കെട്ടിടത്തിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയില്ല. ഹൗസിങ് ബോർഡ് കോളനിയോട് ചേർന്ന ബസ് സ്റ്റാൻഡ് യാർഡിന്റെ ഒഴിഞ്ഞ സ്ഥലത്ത് പാർക്കിങ് ഒരുക്കാൻ പറ്റിയ സ്ഥലത്ത് വാടകക്ക് കൊടുത്ത് പണമുണ്ടാക്കാൻ ഒരു വിവേകവുമില്ലാതെ ഷോപ്പുകൾ നിർമിച്ചു. ഈ ഷോപ്പുകളിലേക്ക് പോകാൻ വഴി പോലും നിർമിക്കാത്തതിനാൽ അവയാകെ അടച്ചുപൂട്ടി കിടക്കുകയുമാണ്.
ഇതോടെ ഗത്യന്തരമില്ലാതെ കെട്ടിടത്തിന്റെ എതിർവശത്തെ ദേശീയപാതയിലെ മേൽപ്പാലത്തിന്റെ ചുവട്ടിലും ബസ് സ്റ്റാൻഡിന്റെ ഒഴിഞ്ഞുകിടക്കുന്ന യാർഡിലും സമീപത്തെ കണ്ണമ്പുഴ ക്ഷേത്രം റോഡിലുമായി ഇപ്പോൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇപ്പോൾ വാഹന ഉടമകളെ പൊലീസും നഗരസഭയും ചേർന്ന് വേട്ടയാടാൻ ഒരുങ്ങുകയാണ്. അതേസമയം, ബസ് സ്റ്റാൻഡ് യാർഡിന്റെ വടക്കുവശത്ത് സിനിമ തിയറ്ററുകാർ പാർക്കിങ്ങായി മാറ്റിയതിനെതിരെ ഒരു നടപടിയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.