ചെറുതുരുത്തി: പ്രളയത്തില്‍ ഭാരതപ്പുഴയില്‍ അടിഞ്ഞുകൂടിയ ചളി നീക്കം ചെയ്യാനെന്ന വ്യാജേന നടത്തിവന്ന മണലെടുപ്പ് ഹൈകോടതി ഡിവിഷന് ബെഞ്ച് തടഞ്ഞിട്ടും പുഴയിൽനിന്ന് വൻ മണൽ കൊള്ളക്ക് നീക്കം. അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്ന പ്രവർത്തനത്തിനെതിരെ പരിസ്ഥിതി പ്രവർത്തകരും പുതുശ്ശേരി, കരുവാൻ പടി കൂട്ട് കൃഷിസംഘം ഭാരവാഹികളും രംഗത്തെത്തി.
ചെറുതുരുത്തി ഷൊര്‍ണൂര്‍ തടയണ പരിസരത്ത് നിന്നെടുക്കുന്ന മണല്‍, യന്ത്രങ്ങൾ പുഴയിലെത്തിച്ച് ഇതുവഴി പുഴയില്‍നിന്ന് ടിപ്പര്‍ ലോറികളില്‍ കയറ്റി സമീപത്തെ തെക്കെ റോഡിലെ യാര്‍ഡില്‍ സംഭരിച്ച ശേഷം ടോറസ് ലോറികളില്‍ കയറ്റി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് ചെറുതുരുത്തി തടയണയിൽനിന്ന് മണൽ എടുക്കാൻ തുടങ്ങുന്നത്. ദേശമംഗലംചെങ്ങണാംകുന്ന് റെഗുലേറ്റര്‍ പരിസരത്ത് നിന്നെടുക്കുന്ന മണല്‍ സംഭരിക്കാന്‍ ദേശമംഗലത്താണ് യാര്‍ഡ് ഒരുക്കിയിരിക്കുന്നത്.
എന്നാൽ, 'മാധ്യമം' വാർത്തയെ തുടർന്ന് ഇവിടെനിന്ന് മണൽ എടുക്കൽ നിർത്തിവെക്കുകയും കൃഷി ആവശ്യത്തിനുവേണ്ടി റെഗുലേറ്ററിന്റെ ഷട്ടർ ഇടുകയും ചെയ്തു. ചെറുതുരുത്തി തടയണയിൽ മണൽ എടുക്കുന്നതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അധികൃതര്‍ക്ക് നിരവധിതവണ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് കരുവാൻ പടി കൂട്ട് കൃഷിസംഘം പ്രസിഡൻറ് കെ.കെ. ദേവദാസ് ഹൈകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
മണൽവാരൽ കോടതി തടഞ്ഞതോടെ പുഴയിലെ മാലിന്യംനീക്കം ചെയ്യുന്നതിനെ കോടതി തടഞ്ഞിട്ടില്ലെന്ന വാദമുയർത്തിയാണ് മണല്‍ കടത്തിന് ശ്രമം. യന്ത്രങ്ങൾ പുഴയിലെത്തിച്ചതോടെ കോടതിയലക്ഷ്യ നടപടിയാരോപിച്ച് ദേവദാസ് വീണ്ടും കോടതിയെ സമീപിച്ചു. 2021 ഡിസംബർ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മണലെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. ജില്ല കലക്ടർക്കും പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.