എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന സാധാരണക്കാരെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നതായി പരാതി. ഏഴുമാസം മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടും വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ ദമ്പതികളും ബന്ധുക്കളും പഞ്ചായത്ത് ഓഫിലെത്തി പ്രതിഷേധിച്ചു. വെള്ളറക്കാട് മാളിയേക്കൽ വീട്ടിൽ മിസിരിയയും കോട്ടോൽ നാലകത്ത് അബ്ദുൽ ഖാദറുമാണ് വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി ഏഴു മാസത്തോളമായി പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങുന്നത്. ഇവരുടേത് പുനർ വിവാഹമായിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇവർ പഞ്ചായത്തിൽ അപേക്ഷ നൽകിയത്. ഹജ്ജ് നിർവഹിക്കുന്നതിനായി പാസ്പോർട്ട് എടുക്കുന്നതിനാണ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. ഫയൽ കാണാനില്ലെന്നും അപേക്ഷയും രേഖകളും വീണ്ടും സമർപ്പിക്കണമെന്നും അധികൃതർ പലതവണ ആവശ്യപ്പെട്ടതായും ആറുതവണ ഇത്തരത്തിൽ രേഖകൾ സമർപ്പിച്ചതായും പറയുന്നു. തുടർന്നാണ് ഇവർ അടുത്ത ബന്ധുകൂടിയായ പൊതുപ്രവർത്തകൻ എം.എച്ച്. നൗഷാദുമായി കഴിഞ്ഞ ദിവസം പഞ്ചായത്തിലെത്തിയത്. പതിവ് പല്ലവി ആവർത്തിച്ചതോടെ ജീവനക്കാരും ഇവരും തമ്മിൽ വാക്കേറ്റം നടന്നു.
ഒരു താൽക്കാലിക ജീവനക്കാരൻ മൊബൈൽ ഫോണിൽ ഇവരുടെ വിഡിയോ എടുക്കാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കി. സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് മീന സാജനും വൈസ് പ്രസിഡന്റ് പി.എസ്. പുരുഷോത്തമനും സെക്രട്ടറിയുമായി ചർച്ച നടത്തി ഒരാഴ്ചക്കുള്ളിൽ ദമ്പതികൾക്ക് സർട്ടിഫിക്കറ്റ് നൽകാമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പഞ്ചായത്തിൽ കുറച്ചു കാലമായുള്ള ജീവനക്കാരുടെ കുറവ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെയെത്തുന്ന ഗുണഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.