എരുമപ്പെട്ടി: പേപ്പട്ടിയുടെ ആക്രമണത്തിൽ വഴിയാത്രക്കാർക്കും വളർത്ത് മൃഗങ്ങൾക്കും പരിക്കേറ്റു. കടങ്ങോട് പാറപ്പുറം, ചോല, മല്ലംങ്കുഴി പ്രദേശത്താണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. ചോല പ്രദേശത്തെ താമസക്കാരായ അജയൻ, രമേശ്, ഭവാനി എന്നിവർ വളർത്തുന്ന ആടുകൾക്ക് പട്ടിയുടെ കടിയേറ്റു.
പട്ടിയെ പിന്നീട് പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം ഡോഗ് റെസ്ക്യു കേച്ചർ ബൈജുവിന്റെ നേതൃത്വത്തിൽ പിടികൂടി. വ്യാഴാഴ്ച വൈകീട്ടാണ് തെരുവ് നായ് പേ ലക്ഷണങ്ങങ്ങൾ കാണിച്ചു തുടങ്ങിയത്. വെള്ളിയാഴ്ച രാവിലെ വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച പട്ടി നഴ്സറി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥിനിയെ ആക്രമിച്ചെങ്കിലും കുട്ടിയുടെ വസ്ത്രത്തിലാണ് കടിയേറ്റത്. കുട്ടി ഓടി രക്ഷപ്പെട്ടു.
വീടുകളിൽ ഇൻസ്റ്റാൾമെൻറ് പിരിക്കാനെത്തിയ കച്ചവടക്കാരനെയും പട്ടി കടിച്ചിട്ടുണ്ട്. മറ്റു തെരുവുപട്ടികളെയും വളർത്തുമൃഗങ്ങളെയും പേപ്പട്ടി കടിച്ചിട്ടുണ്ടെന്ന നിഗമനത്തിൽ നാട്ടുകാർ പരിഭ്രാന്തിയിലാണ്. ഒന്നരമാസം മുമ്പ് മറ്റൊരു പേപ്പട്ടി സ്കൂൾ വിദ്യാർഥി ഉൾപ്പടെയുള്ളവരെ കടിച്ചിരുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയാണ് വിദ്യാർഥി രക്ഷപ്പെട്ടത്. ഈ പട്ടിയുടെ കടിയേറ്റ മറ്റുചില പട്ടികളും അടുത്തിടെ പേ പിടിച്ച് ചത്തിരുന്നു. തെരുവ് നായ്ക്കളുടെ രൂക്ഷ ശല്യമുള്ള മേഖലയാണ് കടങ്ങോട് പാറപ്പുറം ചോല പ്രദേശം. പഞ്ചായത്ത് തെരുവുനായ് നിർമാർജനത്തിന് ആവശ്യമായ നടപടികൾ കൈകൊള്ളണമെന്ന് പഞ്ചായത്ത് അംഗം അഭിലാഷ് കടങ്ങോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.