തൃശൂർ: ഗ്രാമീണ പോസ്റ്റ്ഓഫിസുകളെ നോക്കുകുത്തിയാക്കി സ്വകാര്യ പൊതുസേവനകേന്ദ്രങ്ങളെ (സി.എസ്.സി) സമാന്തര തപാലാപ്പീസുകളാക്കാൻ നീക്കം സജീവം. സ്വകാര്യവത്കരണ നയങ്ങളുടെ ഭാഗമായി ഡാക് മിത്ര പൊതുസേവനകേന്ദ്രങ്ങൾ വഴി ഫ്രാഞ്ചൈസികൾ തുടങ്ങാൻ ഭാരതീയ തപാൽ വകുപ്പുതന്നെയാണ് തീരുമാനിച്ചത്. സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് സംസ്ഥാനത്ത് പ്രവർത്തനങ്ങൾ കാര്യമായി നടന്നില്ല. എന്നാൽ, ആഴ്ചകൾക്കുമുമ്പ് പൊതുസേവനകേന്ദ്രങ്ങൾക്ക് പോസ്റ്റൽ സേവനങ്ങളൊരുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര പോസ്റ്റ്മാസ്റ്റർ ജനറൽ ബന്ധപ്പെട്ട തപാൽ ഓഫിസുകൾക്ക് കത്തയച്ചു. എങ്കിലും സംസ്ഥാനത്ത് എവിടെയും ഇതുവരെ ഡാക് മിത്ര സേവനങ്ങൾ നടത്താനായിട്ടില്ലെന്ന് പോസ്റ്റൽ ജീവനക്കാരുടെ സംഘടന ഭാരവാഹികൾ അറിയിച്ചു. തപാൽ വകുപ്പിന്റെ സേവനം കാര്യക്ഷമമാക്കാൻ എന്ന പേരിലാണ് സ്വകാര്യവ്യക്തികൾക്ക് ഫ്രാഞ്ചൈസികൾ അനുവദിക്കുന്നത്. നിലവിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന തപാൽ ഓഫിസ് ഉള്ള സ്ഥലങ്ങളിലും ലൈസൻസ് നൽകും. കോമൺ സർവിസ് സെന്ററുകളിൽ ബുക്ക് ചെയ്യുന്ന പാർസലുകളും സ്പീഡ് പോസ്റ്റുകളും തപാൽ വകുപ്പിന്റെ മെയിൽ സർവിസ് വഴിയാണ് അയക്കുക. എന്നാൽ, ഇതിന് ഈടാക്കുന്ന ഫീസ് കോമൺ സർവിസ് സെന്ററുകളുടെ വരുമാനമായി മാറും.
ഫലത്തിൽ തപാൽ ഓഫിസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും വരുമാനമില്ലെന്ന കാരണത്താൽ കേരളത്തിലെ ഭൂരിഭാഗം തപാൽ ഓഫിസുകളും ഇല്ലാതാവുകയും ചെയ്യും. ജീവനക്കാരുടെയും സംഘടനകളുടെയും എതിർപ്പുകൾ ഉണ്ടെങ്കിലും സ്വകാര്യവത്കരണ നടപടിയുമായി പോസ്റ്റൽ വകുപ്പ് മുന്നോട്ടുതന്നെയാണ്.
തപാൽ സേവനമെത്താത്ത ഇടങ്ങളിൽ സേവനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയതെങ്കിലും സ്വകാര്യനിക്ഷേപ സാധ്യത മുന്നിൽകണ്ട് ഗ്രാമ-നഗര പ്രദേശങ്ങളിൽ നിശ്ചിത തുക നിക്ഷേപമായി കെട്ടിവെക്കുന്നവർക്കൊക്കെ ഫ്രാഞ്ചൈസികൾ അനുവദിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടതു-വലതു സംഘടനകളായ എൻ.എഫ്.പി.ഇ, എഫ്.എൻ.പി.ഒ എന്നിവർ സ്വകാര്യവത്കരണ നയങ്ങളിൽ പ്രതിഷേധിച്ച് ആഗസ്റ്റ് 10ന് അഖിലേന്ത്യ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.