കൂത്താട്ടുകുളം: ടിപ്പർ ലോറി മോഷ്ടിച്ച സംഭവത്തിൽ അന്തർസംസ്ഥാന വാഹന മോഷ്ടാക്കൾ അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് കക്കാട്ട്പറമ്പിൽ വീട്ടിൽ അബ്ദുൽസലാം (35), തൃശൂർ ചാവക്കാട് അമ്പലംവീട്ടിൽ മുഹമ്മദ് ഷഫീക്ക് (23), പാലക്കാട് പട്ടാമ്പി തിരുമറ്റംകോട് കറുകപൂത്തൂർ നാലകത്ത് വീട്ടിൽ ഹസൈനാർ (38), പാലക്കാട് ലക്കിടി തെക്കുമംഗലം പുളിക്കോട്ടിൽ വീട്ടിൽ സക്കീർ (52) എന്നിവരെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12ന് കൂത്താട്ടുകുളം ആറ്റൂർ മണ്ണത്തൂർ കവലഭാഗത്ത് എം.സി റോഡിന് ചേർന്നുള്ള വട്ടക്കാവിൽ ബാബുവിന്റെ പറമ്പിൽനിന്നാണ് ലോറി മോഷ്ടിച്ചത്. എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ ലോറി പാലക്കാട് ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് മനസ്സിലായി. പാലക്കാട് ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
അങ്കമാലിയിൽനിന്ന് മോഷ്ടിച്ച ബൈക്കിൽ കൂത്താട്ടുകുളത്തെത്തിയാണ് ലോറി കവർന്ന് കടന്നത്. അബ്ദുൽസലാം 15 മോഷണക്കേസിലും ഒരുകഞ്ചാവ് കേസിലും പ്രതിയാണ്. മുഹമ്മദ് ഷഫീക്കിനെതിരെ കൊലപാതകം, വധശ്രമം എന്നിവക്കെതിരെ കേസുകൾ നിലവിലുണ്ട്. ആന്ധ്രയിൽനിന്ന് 127 കി.ഗ്രാം കഞ്ചാവ് കൊണ്ടുവന്ന് വിപണനം നടത്തിയതിന് മഞ്ചേരി പൊലീസ് സ്റ്റേഷനിലുൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് അസൈനാർ. അടിപിടിക്കേസിലെ പ്രതിയാണ് സക്കീർ.
പുത്തൻകുരിശ് ഡിവൈ.എസ്.പി നിഷാദ് മോൻ, കൂത്താട്ടുകുളം ഇൻസ്പെക്ടർ വിൻസെന്റ് ജോസഫ്, എസ്.ഐമാരായ ശിവപ്രസാദ്, ശശിധരൻ, ശാന്തകുമാർ, ബിജു ജോൺ, സീനിയർ സി.പി.ഒമാരായ പി.കെ. മനോജ്, ആർ. രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.