ഇരിങ്ങാലക്കുട: ആല്ബിന് സ്കൂളില്‍ പോകാന്‍ മതിൽ ചാടണം. ക്രൈസ്റ്റ് കോളജ് - പൂതംകുളം ജങ്ഷന് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി വീടിനു മുന്നിലെ റോഡ് പൊളിച്ചതോടെയാണ് ഈ ഗതി വന്നത്. ഠാണാ- കോളജ് ജങ്ഷൻ റോഡില്‍ കോട്ടൂരാന് വീട്ടില്‍ പ്രവാസിയായിരുന്ന ചാക്കോയും ഭാര്യ റീനയും എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന് ആല്‍ബിനും അടങ്ങുന്ന ഈ കുടുംബത്തിന് വീടിന് പുറത്തേക്കിറങ്ങണമെങ്കില്‍ ഏണി കയറി മതിലു ചാടേണ്ട അവസ്ഥയാണ്. ഏണി കയറി സമീപത്തെ പറമ്പിലേക്ക് എത്തിയാലാണ് മെയിന്‍ റോഡിലേക്ക് വന്നുചേരുന്ന വഴിയിലെത്തുവാന്‍ സാധിക്കുക.
റോഡ് പണി ആരംഭിച്ച അന്നു മുതല്‍ ഒന്നര മാസമായി തുടരുകയാണ് ഇവരുടെ ഈ ദുരിതം. ഈ കുടുംബത്തിലുണ്ടായിരുന്ന ഇവരുടെ അമ്മ 91കാരിയായ ത്രേസ്യയെ പുത്തന്‍വേലിക്കരയിലെ മകളുടെ വീട്ടിലേക്കു മാറ്റി. റോഡ് പണി ആരംഭിച്ചതോടെ താഴ്ത്തി മണ്ണെടുത്തു. നടവഴിക്കായി ഒരു സ്ലാബ് ഇട്ട് നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറായില്ല. ഇതോടെ വീടിനു മുന്നിലെ റോഡിലേക്ക് കടക്കാന്‍ സാധിക്കാതായി. വീട്ടിലേക്കുള്ള പൈപ്പു കണക്ഷന് പോലും ഇപ്പോള്‍ വിഛേദിച്ചിരിക്കുകയാണ്. മഴക്കാലമായതിനാലും കിണര്‍ ഉള്ളതിനാലും കുടിവെള്ളം മുട്ടിയിട്ടില്ല.
രണ്ട് വര്‍ഷം മുമ്പ് വാട്ടര്‍ അതോറിറ്റിക്കും പൊതു മരാമത്ത് വകുപ്പിനും കൂടി ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് വീട്ടിലേക്ക് കുടിവെള്ള കണക്ഷന് നേടിയതെന്ന് ചാക്കോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ റോഡിലെ മറ്റൊരു കുടുംബം റോഡ് പണി ആരംഭിച്ചപ്പോള്‍ ബന്ധുവീട്ടിലേക്ക് താമസം മാറ്റി. എട്ട് ആഴ്ചകള്‍ക്കുള്ളില്‍ റോഡ് നവീകരണ പ്രവ്യത്തികൾ പൂർത്തിയാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.